മെൽബൺ: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേയ്ക്ക് കടന്നയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 മില്യൺ ഓസ്ട്രേലിയൻ ഡോളർ (5.23 കോടി ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പൊലീസ്. ക്വീൻസ്‌ലാൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഓസ്ട്രേലിയയിലെ കെയ്ൻസിൽ നിന്ന് 40 കീലോമീറ്റർ വടക്കുള്ള വാങ്കെട്ടി ബീച്ചിൽ വച്ചാണ് കൊലപാതകം നടന്നത്. നായയുമൊത്ത് ബീച്ചിലൂടെ നടക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ ടോയ കോർഡിങ്‌ലി കൊല്ലപ്പെടുകയായിരുന്നു. അന്വഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്കാരനായ നഴ്‌സ് രാജ്‌വീന്ദർ സിങാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇയാൾ ജോലി ഉപേക്ഷിച്ച് നാട് വിട്ടെന്നാണ് വിവരം. ഇന്നിസ്‌ഫെയിലിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. രാജ്‌വീന്ദർ സിങ് 2018 ഒക്‌ടോബർ 23ന് സിഡ്‌നിയിൽ നിന്നും ഇന്ത്യയിലേക്ക് കടന്നെന്നാണ് ഓസ്‌ട്രേലിയൻ പൊലീസ് പറയുന്നത്.
ഇയാളെ പിടികൂടുന്നതിന് സഹായം അഭ്യർഥിച്ച് ക്വീൻസ്‌ലാൻഡ് പൊലീസ് ട്വീറ്റും ചെയ്‌തിട്ടുണ്ട്. വളരെ നികൃഷ്‌ടമായ ഒരു കുറ്റകൃത്യമാണ് ഇയാൾ ചെയ്‌തത്. ഒരു കുടുംബത്തെ ഇല്ലാതാക്കി. പ്രതിയെ പിടികൂടാൻ ക്വീൻസ്‌ലാൻഡിൽ ആദ്യമായാണ് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ വാഗ്‌ദാനം ചെയ്യുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണർ ട്രേസി ലിൻഫോർഡ് പറഞ്ഞു.