മോസ്‌കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിന്‍( Yevgeny Prigozhin) കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യയിലുണ്ടായ വിമാനാപകടത്തിൽ പ്രിഗോഷിന്‍ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാനമായ മോസ്‌കോയുടെ വടക്കുഭാഗത്തായാണ് പ്രിഗോഷിൻ സഞ്ചരിച്ച സ്വകാര്യ വിമാനം തകർന്നുവീണതെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിൻ അടക്കം വിമാനത്തിൽ ഉണ്ടായിരുന്ന പത്ത് യാത്രക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റഷ്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ 'റൊസാവിയാറ്റ്സിയ' യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. എങ്കിലും അദ്ദേഹം യഥാർത്ഥത്തിൽ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നത് അനിശ്ചിതത്വത്തിലാണ്. റഷ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ ടാസ് പറയുന്നതനുസരിച്ച്, വിമാനത്തിൽ മൂന്ന് പൈലറ്റുമാരും ഏഴ് യാത്രക്കാരും ഉണ്ടായിരുന്നതായി എമർജൻസി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തു. ഇന്നലെ വൈകുന്നേരം മോസ്കോയിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനത്തിന്‍റെ സിഗ്നൽ നഷ്‌ടമാകുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.
വിമാനം തകർന്നുവീഴുന്നതുമായി ബന്ധപ്പെട്ട് വാഗ്നർ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ട് പോസ്റ്റ് പങ്കുവച്ച ചിത്രത്തിൽ പ്രിഗോഷിൻ മുമ്പ് ഉപയോഗിച്ചിരുന്ന ജെറ്റുമായി സാമ്യമുള്ള ഒരു ഭാഗിക ടെയിൽ നമ്പർ കാണാനാകുന്നുണ്ട്. അതോടൊപ്പം തന്നെ ടെലിഗ്രാം ചാനലായ ഗ്രേ സോൺ പങ്കിട്ട വീഡിയോകളിൽ ഒരു വിമാനം തീഗോളം കണക്കെ താഴേക്ക് പതിക്കുന്നത് കാണാം. വിമാനത്തിന് ഒരു ചിറക് നഷ്ടപ്പെട്ടതായി കാണിക്കുന്ന ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വിമാനാപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങളും കണ്ടെടുത്തതായും തെരച്ചിൽ അവസാനിപ്പിച്ചതായും എമർജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.
ആരാണ് യെവ്‌ഗ്‌നി പ്രിഗോഷിന്‍..? റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളാണ് യെവ്‌ഗ്‌നി പ്രിഗോഷിന്‍. പുടിന്‍റെ ജന്മനാടായ സെന്‍റ് പീറ്റേഴ്‌സ്ബർഗാണ് പ്രിഗോഷിനിന്‍റെയും ദേശം. വാഗ്നർ കൂലിപട്ടാളത്തിന്‍റെ തലവൻ എന്നതിനപ്പുറം രാജ്യത്തെ സമ്പന്നൻമാരിൽ മുൻപന്തിയിലായിരുന്നു പ്രിഗോഷിന്‍റെ സ്ഥാനം. ചെറുപ്പംമുതലേ കുറ്റകൃത്യവാസനയുണ്ടായിരുന്ന പ്രിഗോഷിന്‍ നിരവധി കുറ്റകൃത്യങ്ങളിലായി ഒമ്പത് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ശിക്ഷയ്‌ക്ക് ശേഷം പുറത്തിറങ്ങിയ ഭക്ഷണശാലകളുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് ചുവടുമാറ്റി. ക്രെംലിനിലെ കാറ്ററിങ് കരാറുകൾ ഏറ്റെടുത്തും സൂപ്പർ മാർക്കറ്റുകളും റസ്റ്റോറന്‍റുകളും ആരംഭിച്ച പ്രിഗോഷിൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും സമ്പാദിച്ച് ശതകോടീശ്വരനായി മാറുകയായിരുന്നു.