വാഷിങ്‌ടൺ: സെനറ്റ് വോട്ടെടുപ്പിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. യുഎസ് സെനറ്റിൽ കൂടുതൽ ടൈബ്രേക്കിങ് വോട്ടുകൾ ചെയ്‌ത വനിത വൈസ് പ്രസിഡന്‍റായാണ് കമല ഹാരിസ് റെക്കോഡിട്ടത്. ഇതിന് മുൻപ്, യുഎസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നിലയിലാണ് കമല ചരിത്രം സൃഷ്‌ടിച്ചത്.
ഇന്നലെ നടന്ന സെനറ്റിൽ കൽപന കോട്ടഗലിനെ, തുല്യ തൊഴിൽ അവസര കമ്മിഷനിലേക്ക് നാമനിർദേശം ചെയ്‌ത തീരുമാനത്തിൽ തന്‍റെ 31 മത്തെ ടൈബ്രേക്കിങ് വോട്ട് രേഖപ്പെടുത്തിയാണ് കമല റെക്കോഡിട്ടത്. ഇതിന് മുൻപ് 1825 മുതൽ 1832 വരെ കാലയളവിൽ യുഎസ് വൈസ് പ്രസിഡന്‍റായിരുന്ന ജോൺ സി കാൽഹൗൺ മാത്രമാണ് ഇത്രയേറെ ടൈബ്രേക്കിങ് വോട്ട് ചെയ്യാനുള്ള അവസരം മുൻപ് നേടിയിട്ടുള്ളത്.
ഇതോടെ, ഏറ്റവും കൂടുതൽ ടൈബ്രേക്കിങ് വോട്ട് ചെയ്‌ത റെക്കോഡ് ഇരുവരും പങ്കിടുകയാണ്. യുഎസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വെറും രണ്ടര വർഷം കൊണ്ടാണ് കമല റെക്കോഡ് സമനിലയിലാക്കിയത്. ഈ അഭിമാന നേട്ടത്തിൽ 'ഇതൊരു നിമിഷമാണ്, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞാൻ കരുതുന്നു' - കമല ഹാരിസ് പ്രതികരിച്ചു.
'ഞാനായിരിക്കും പല കാര്യങ്ങളും ആദ്യം ചെയ്യുന്ന വ്യക്തി, എന്‍റെ അമ്മ എനിക്ക് തന്ന വലിയ ഉപദേശമാണത്. എന്നാൽ, അവസാനത്തെ ആൾ ഞാനല്ലെന്ന് ഉറപ്പാക്കാൻ പോകുന്നു.' - കമല ഹാരിസ് കൂട്ടിച്ചേർത്തു. 31 ടൈബ്രേക്കിങ് വോട്ടുകൾ നേടി റെക്കോഡിട്ട കാൽഹൗൺ എട്ട് വർഷം കൊണ്ടാണ് ഈ നേട്ടത്തിലെത്തിയതെങ്കിൽ കമല രണ്ടരവർഷം കൊണ്ടാണ് റെക്കോഡിട്ടത്.
കമല ഹാരിസിന്‍റെ മുൻഗാമിയായ മൈക്ക് പെൻസ് അദ്ദേഹത്തിന്‍റെ ഭരണകാലത്ത് മൊത്തം 13 ടൈബ്രേക്കിങ് വോട്ടുകൾ രേഖപ്പെടുത്തി. എന്നാൽ, ബരാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്‍റായി സേവനമനുഷ്‌ഠിച്ച നിലവിലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഒരു ടൈബ്രേക്കിങ് വോട്ട് പോലും രേഖപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് മുൻ തൂക്കം നൽകുന്നത് കൊണ്ട് തന്നെ ടൈബ്രേക്കിങ് വോട്ട് രേഖപ്പെടുത്തുക എന്നത് ഏറെ പ്രയാസകരമായ ഒരു ജോലിയാണ്.
എന്നാൽ, രാജ്യത്തിന്‍റെ പല സുപ്രധാന നീക്കങ്ങളേയും ഈ വോട്ട് ബാധിക്കും എന്നതിനാൽ ഏറെ ഉത്തരവാദിത്വവും അതുല്യവുമായ ഒരു അവസരം കൂടിയാണിത്. അമേരിക്കൻ റെസ്‌ക്യൂ പ്ലാൻ, പണപ്പെരുപ്പം കുറയ്‌ക്കൽ നിയമം, രണ്ട് ഫെഡറൽ ജഡ്‌ജിമാരുടെ നിയമനം സംബന്ധിച്ച തീരുമാനം തുടങ്ങി നിരവധി വിഷയങ്ങളിൽ കമല ഹാരിസ് തന്‍റെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ടൈബ്രേക്കിങ് വോട്ട് ?:യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഭരണഘടന പ്രകാരം യുഎസ് വൈസ് പ്രസിഡന്‍റ് സെനറ്റിന്‍റെ പ്രസിഡന്‍റ് കൂടിയാണ്. അതിനാൽ, സെനറ്റ് വോട്ടെടുപ്പിൽ സമനില വരുന്ന സാഹചര്യങ്ങളിൽ യുഎസ് വൈസ് പ്രസിഡന്‍റിന് വോട്ട് രേഖപ്പെടുത്തി ഒരു വിഭാഗത്തിന് മുൻതൂക്കം നൽകാൻ സാധിക്കും. ഇതാണ് ടൈബ്രേക്കിങ് വോട്ട്.