വാഷിങ്ടൺ :യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9/11 ന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയും മുംബൈയിലെ 26/11 ന് ശേഷം ഒരു ദശാബ്‌ദത്തിലേറെയും ആയിട്ടും തീവ്രവാദവും ഭീകരവാദവും ഇപ്പോഴും ലോകമെമ്പാടും ഗുരുതരമായ അപകടമായി തുടരുന്നുവെന്ന് യുഎസ് കോൺഗ്രസിന്‍റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഈ പ്രത്യയശാസ്ത്രങ്ങൾ പുതിയ ഐഡന്‍റിറ്റികളും രൂപങ്ങളും സ്വീകരിക്കുന്നു. പക്ഷേ അവയുടെ ഉദ്ദേശങ്ങൾ ഒന്നുതന്നെയാണ്. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ കൈകാര്യം ചെയ്യുന്നതിൽ തെറ്റോ ബദലുകളോ ഉണ്ടാകില്ല. ഭീകരതയെ സ്പോൺസർ ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന എല്ലാ ശക്തികളെയും മറികടക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
യുഎൻ ചാർട്ടറിന്‍റെ തത്വങ്ങളോടുള്ള ബഹുമാനം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ, പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ആഗോള ക്രമം എന്ന് ചൈനയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മോദി കൂട്ടിച്ചേർത്തു. തന്ത്രപ്രധാനമായ മേഖലയിൽ ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്‌താവന. 'സുരക്ഷിത സമുദ്രങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്ന, അന്തർദേശീയ നിയമങ്ങളാൽ നിർവചിക്കപ്പെട്ട, ആധിപത്യത്തിൽ നിന്ന് മുക്തമായ, ആസിയാൻ കേന്ദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന, സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിന്‍റെ കാഴ്‌ചപ്പാട് ഞങ്ങൾ പങ്കിടുന്നു' -മോദി പറഞ്ഞു.
സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും ഒരു സഹകരണ മേഖല കെട്ടിപ്പടുക്കുക എന്നതിനാണ് തങ്ങൾ മുൻതൂക്കം നൽകുന്നത്. പ്രാദേശിക സ്ഥാപനങ്ങളിലൂടെയും പ്രദേശത്തിനകത്തും പുറത്തുമുള്ള തങ്ങളുടെ പങ്കാളികളുമായും പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 1.4 ബില്യൺ ഇന്ത്യക്കാരെ പ്രതിനിധീകരിച്ച്, യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്‌പ്പോഴും വലിയ ബഹുമതിയാണെന്നും മോദി പറഞ്ഞു. രണ്ട് തവണ അത്തരത്തിൽ അഭിസംബോധന ചെയ്യുന്നത് അസാധാരണമായ പദവിയാണെന്നും അദ്ദേഹം പറഞ്ഞു.