കീവ്: യുക്രൈൻ നഗരമായ മരിയുപോളിലെ ജനങ്ങളെ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കോ റഷ്യയിലേക്കോ നിര്‍ബന്ധിതമായി ഒഴിപ്പിച്ചുവെന്ന ആരോപണങ്ങള്‍ തന്‍റെ ഓഫിസ് പരിശോധിക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ് പറഞ്ഞു. ബുധനാഴ്ച യു.എന്‍ മനുഷ്യവകാശ കമ്മിഷനോട് സംസാരിക്കുകയായിരുന്നു മേധാവി. ഫെബ്രുവരി 24ന് റഷ്യയുടെ അധിനിവേശത്തിനു ശേഷം തെക്ക് കിഴക്കന്‍ തുറമുഖ നഗരത്തിലെ ജനങ്ങള്‍ക്ക് തികച്ചും ഭീകരത നിറഞ്ഞ ജീവിതമാണെന്നും മിഷേല്‍ ബാഷെലെറ്റ് അപലപിച്ചു.
റഷ്യൻ സൈന്യം മരിയുപോളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആളുകളെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോകുന്നതായി യുക്രൈൻ ആരോപിച്ചിരുന്നു. ഏകദേശം 500,000 യുക്രൈനിയൻ ജനത റഷ്യയിലേക്ക് സ്വമേധയ പോയതായുള്ള അവകാശവാദങ്ങൾ മോസ്കോ നിഷേധിച്ചു. റഷ്യന്‍- യുക്രൈൻ സൈന്യങ്ങള്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ടെന്നും ബാച്ചലെറ്റ് പറഞ്ഞു.