കാലിഫോർണിയ:കാലിഫോർണിയയിലെ സാക്രമെന്‍റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ ഞായറാഴ്‌ച രണ്ട് പേർക്ക് വെടിയേറ്റതായി സാക്രമെന്‍റോ കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. പരിക്കേറ്റ രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും പരസ്‌പരം അറിയാവുന്ന ഇവർക്ക് പൂർവ വൈരാഗ്യം ഉള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇരുവരും പരിചയക്കാർ ആയിരുന്നു എന്നും, വാക്ക് തർക്കം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്യുകയായിരുന്നു എന്നാണ് സാക്രമെന്‍റോ കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് വക്താവ് അമർ ഗാന്ധിയെ ഉദ്ധരിച്ച് യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്‌തത്. ആക്രമണം നടത്തിയ പ്രതികളിലൊരാൾ ഇപ്പോൾ ഒളിവിലുള്ള ഒരു ഇന്ത്യക്കാരനാണെന്നും ഗാന്ധി പറഞ്ഞു. മറ്റൊരാൾ ആശുപത്രിയിലാണെന്നും ഒളിവിൽ പോയ അക്രമിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട് എന്നും സാക്രമെന്‍റോ കൗണ്ടി വ്യക്തമാക്കി.
ഞായറാഴ്ച വെടി വയ്പ്പ് നടന്ന ബ്രാഡ്‌ഷോ റോഡിലെ ഗുരുദ്വാര സാഹിബിൽ സാക്രമെന്‍റോ സിഖ് സൊസൈറ്റി പ്രാർഥന നടത്തവെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പ്രാർഥനയിൽ ആയിരക്കണക്കിന് സിഖ് മതസ്ഥർ പങ്കെടുത്തു എന്നാണ് കണക്ക്.
പ്രാർഥനയോടനുബന്ധിച്ച് ഗുരുദ്വാര ഒരു പരേഡ് നടത്താൻ പദ്ധതി ഇട്ടിരുന്നു. 'ഒരിക്കലും മറക്കരുത് 1984' എന്ന ബാനർ കെട്ടിയ ടൂറിസ്റ്റ് ബസ് ആയിരുന്നു പരേഡിന്‍റെ മുഖ്യ ആകർഷണം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിന് ശേഷം 1984-ൽ ഡൽഹിയിലും മറ്റ് ഇന്ത്യൻ നഗരങ്ങളിലും സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കണക്കുകൾ പ്രകാരം, കലാപത്തിൽ ഡൽഹിയിൽ 2,800 സിഖുകാർ കൊല്ലപ്പെട്ടപ്പോൾ, രാജ്യവ്യാപകമായി 3,350 പേർ ആണ് മരിച്ചത്.
ഖലിസ്ഥാനി വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് സർക്കാർ കേന്ദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്‌ട്ര സിഖ് സമൂഹത്തിൽ നിന്ന് വ്യാപക എതിർപ്പാണ് ഉണ്ടാവുന്നത്. ഖലിസ്ഥാൻ പതാകകളുമായാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
അമൃത് പാലിനായി അണയാതെ സിഖ് പ്രതിഷേധം:അതേ സമയം ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദി നേതാവ് അമൃത്പാൽ സിങ്ങിനായി പഞ്ചാബ് പൊലീസ് തെരച്ചിൽ തുടരുമ്പോൾ ഇന്ത്യക്കെതിരെ അതിരൂക്ഷ പ്രതിഷേധങ്ങളുമായി വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭം. അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ നൂറ് കണക്കിന് ഖലിസ്ഥാൻ അനുകൂല വാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘം യുഎസ് ഇന്ത്യൻ എംബസിക്ക് നേരെ പ്രതിഷേധം നടത്തിയത് ഇന്നലെയാണ്. സമാനമായ സംഭവങ്ങൾ ലണ്ടനിലും സാൻ ഫ്രാൻസിസ്കോയിലും കാനഡയിലും നടന്നിരുന്നു. ഇന്ത്യൻ പതാക അഴിച്ചു മാറ്റിയും ഓഫീസിന് നേരെ സംഘടിത ആക്രമണവും ഖലിസ്ഥാൻ അനുകൂല വാദികൾ നടത്തി.
ശനിയാഴ്‌ച വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് തടിച്ചുകൂടിയ ഖലിസ്ഥാൻ വാദികളായ സിഖുകാർ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സിഖ് പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനനായ മാധ്യമ പ്രവർത്തകൻ ലളിത് ഝാക്ക് നേരെ ആക്രമണം ഉണ്ടായി.