കറാച്ചി: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ വെള്ളം ഒഴുക്കികളയാനെടുത്ത ചാലിലേക്ക് വാഹനം മറിഞ്ഞ് 12 കുട്ടികളടക്കം 20 പേർ മരിച്ചു. ഖൈർപൂർ ജില്ലയിൽ നിന്ന് സെഹ്വാനിലെ പ്രശസ്‌തമായ സൂഫി ദേവാലയത്തിലേക്ക് യാത്രക്കാരുമായി പോയ വാൻ ആണ് ഇന്നലെ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പാകിസ്ഥാനില്‍ വെള്ളം ഒഴുക്കികളയാനെടുത്ത ചാലിലേക്ക് വാൻ മറിഞ്ഞ് 20 മരണം - ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ
വ്യാഴാഴ്‌ച ഉണ്ടായ അപകടത്തിൽ 12 കുട്ടികളടക്കം 20 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കണ്ടെടുത്ത മൃതദേഹങ്ങൾ സയ്യിദ് അബ്‌ദുള്ള ഷാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. രണ്ട് മാസം മുൻപ് പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ നിന്ന് സിന്ധു നദിയിലേക്കുള്ള നീരൊഴുക്ക് വേഗത്തിലാക്കാനായി സിന്ധു ഹൈവേയിലൂടെ 30 അടി വീതിയിൽ ചാൽ എടുത്തിരുന്നു.
വെള്ളം നിറഞ്ഞ് കിടന്നിരുന്ന ചാലിലേക്ക് വാൻ മറിയുകയായിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് വെള്ളം പോകാനെടുത്ത ചാൽ അടയ്‌ക്കാതിരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.