അങ്കാറ : തുര്‍ക്കി - സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 കടന്നു. ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ നിരവധി കുട്ടികളെ പുറത്തെടുത്തുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തല്‍. രണ്ടിടങ്ങളിലുമുണ്ടായ ദുരന്തത്തോട് അധികൃതര്‍ വേഗത്തില്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്ന് തുര്‍ക്കിയിലെ ആദിയാമാന്‍ മേഖല സന്ദര്‍ശിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ പ്രതികരണം സാധ്യമായത്ര വേഗത്തിലായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ തന്നെ മികച്ച റെസ്‌ക്യൂ ടീമാണ് ഇപ്പോള്‍ നമുക്ക് ഒപ്പമുള്ളതെങ്കിലും രക്ഷാപ്രവര്‍ത്തനം ആഗ്രഹിച്ച പോലെ വേഗത്തില്‍ നടക്കുന്നില്ലെന്നത് യഥാര്‍ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ് 14 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നില്‍ക്കുന്ന എര്‍ദോഗനിനെതിരെ എതിരാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്‌ച ആയുധമാക്കിയേക്കാം. എന്നാല്‍ ദുരന്തത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കാന്‍ സാധ്യതയുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിലെ അപാകതകളില്‍ പുകയുന്ന രോഷം തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വെല്ലുവിളിയാകും. രക്ഷാപ്രവര്‍ത്തനത്തില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിനെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായുള്ള നിഷേധാത്മക പ്രചാരണങ്ങള്‍ എന്ന് ത്വയ്യിബ് എര്‍ദോഗന്‍ പരിഹസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലെ പോരായ്‌മകള്‍ ആയുധമാക്കിയേക്കാമെന്നതിനാല്‍ ആ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം അത് പിന്‍വലിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്‌തു.