ചൈനയും അമേരിക്കയും തമ്മിലുള്ള കിടമത്സരത്തില്‍ പെട്ടിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കളായ തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഎസ്‌എംസി. എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് ചിപ്പുകള്‍ അഥവ സെമികണ്ടക്‌ടറുകള്‍. അത്യാധുനികമായ കമ്പ്യൂട്ടറുകള്‍ ആവട്ടെ സൈനിക ആയുധങ്ങള്‍ ആവട്ടെ ഇവയൊക്കെ പ്രവര്‍ത്തിക്കാന്‍ ചിപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ ഈ ചിപ്പുകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്.
ചിപ്പ് നിര്‍മാണത്തില്‍ ടിഎസ്‌എംസി ആധിപത്യം: അത്യാധുനിക ചിപ്പുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ആര്‍ജിക്കുക എന്നത് വളരെ ശ്രമകരണമാണ് എന്നുള്ളതും ചിപ്പുകള്‍ നിര്‍മിക്കുന്നതിന് വന്‍മുതല്‍ മുടക്കും ആവശ്യമാണ് എന്നതുമാണ്. ലോകത്തിലെ 90 ശതമാനം സൂപ്പര്‍ അഡ്‌വാന്‍സ്‌ഡ് കമ്പ്യൂട്ടര്‍ ചിപ്പുകളും ഉല്‍പ്പാദിപ്പിക്കുന്നത് ടിഎസ്‌എംസിയാണ്. അതുകൊണ്ടുതന്നെ ലോകസമ്പദ്‌വ്യവസ്ഥയില്‍ ടിഎസ്‌എംസിക്കുള്ള സ്ഥാനം വളരെ വലുതാണ്.
സൈനികരംഗത്തും ആധുനിക വ്യവസായ രംഗത്തും ആവശ്യമായ ചിപ്പുകള്‍ ലഭ്യമാകുക എന്നുള്ളത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള കിടമത്സരത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെക് വാര്‍. ഈ ടെക് വാറിന്‍റെ ഭാഗമായി വലിയ സമ്മര്‍ദ്ദമാണ് അമേരിക്കയില്‍ നിന്ന് ടിഎസ്‌എംസി നേരിടുന്നത്.
ആപ്പിള്‍, ക്വാൽകോം അടക്കമുള്ള അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌ഭീമന്‍മാര്‍ അത്യാധുനിക ചിപ്പുകള്‍ വാങ്ങുന്നത് ടിഎസ്‌എംസിയില്‍ നിന്നാണ്. എന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്ന സാഹചര്യത്തില്‍ ചിപ്പുകളുടെ ഉല്‍പ്പാദനം അമേരിക്കയിലേക്ക് മാറ്റണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചിരിക്കുകയാണ്. യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും ഇതേസമ്മര്‍ദ്ദം ടിഎസ്‌എംസി നേരിടുകയാണ്.
ഈ സമ്മര്‍ദം ഫലം കണ്ട് വരികയാണ്. അമേരിക്കയിലെ അരിസോണയില്‍ രണ്ടാംമത്തെ സെമികണ്ടക്റ്റര്‍ ഫാക്‌ടറിയുടെ പണി ആരംഭിച്ചിരിക്കുകയാണ് ടിഎസ്‌എംസി. അവരുടെ അമേരിക്കയിലെ നിക്ഷേപം 40 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ജപ്പാനിലും പുതിയ ഉല്‍പ്പാദന ഫാക്‌ടറി ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ടിഎസ്‌എംസി.