വാഷിങ്‌ടൺ : യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ കടമ്പയായ അയോവ കോക്കസിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ജയം. അയോവ സംസ്ഥാനത്ത് നടന്ന അഭിപ്രായ വോട്ടെടുപ്പാണ് അയോവ കോക്കസ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റ് സ്ഥാനാർത്ഥികളേക്കാൾ വളരെ ഉയർന്ന മാർജിനിലാണ് ട്രംപിന്‍റെ വിജയം. ആകെയുള്ളതിന്‍റെ 70% വോട്ടും ട്രംപ് സ്വന്തമാക്കി. 2020 ലും ട്രംപിനൊപ്പമായിരുന്നു അയോവ (Trump Wins Iowa Republican Caucus).
ട്രംപിനെക്കൂടാതെ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്, സൗത്ത് കരോലിന മുൻ ഗവർണറും യുഎന്നിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹാലി, മലയാളി വേരുകളുള്ള അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമി, ആർക്കൻസോ ഗവർണർ എയ്‌സ ഹച്ചിൻസൺ തുടങ്ങിയവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോക്കസിൽ റോൺ ഡിസാന്‍റിസ് രണ്ടാമതും നിക്കി ഹാലി മൂന്നാമതുമെത്തി. അസോസിയേറ്റഡ് പ്രസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളാണ് അയോവ കോക്കസ് സംഘടിപ്പിച്ചത്. അയോവ കോക്കസിന് പിന്നാലെ ജനുവരി 23ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ന്യൂഹാംഷെയർ പ്രൈമറി നടക്കും. ഈ പ്രൈമറിയിൽ നിക്കി ഹാലിക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.