കേരളം

kerala

ETV Bharat / international

ആഗോള സാമ്പത്തിക മാന്ദ്യ ആശങ്ക: റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ പുതിയ തന്ത്രം സ്വീകരിച്ച് യുഎസ്

ആഗോള തലത്തില്‍ ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കപ്പല്‍ കമ്പനികളിലെ കുത്തക ഉപയോഗിച്ചാണ് യുഎസിന്‍റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്‌തികളുടെ പുതിയ തന്ത്രം

western sanction on Russia oil export  russia west rivallary  global oil price and russia ukraine war  russia ukraine war consequence on global economy  റഷ്യയ്‌ക്കെതിരായ യുഎസിന്‍റെ ഉപരോധം  റഷ്യന്‍ എണ്ണക്കയറ്റുമതി  റഷ്യ യുക്രൈന്‍ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ ചലനം
ആഗോള സാമ്പത്തിക മാന്ദ്യ ആശങ്ക: റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ പുതിയ തന്ത്രം സ്വീകരിച്ച് യുഎസ്

By

Published : Jul 11, 2022, 12:34 PM IST

വാഷിങ്‌ടണ്‍:ഈ വര്‍ഷം അവസാനമാകുമ്പോള്‍ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക ശക്‌തമാകുകയാണ്. അസംസ്‌കൃത എണ്ണയുടെ അന്തരാഷ്‌ട്ര വിപണിയിലെ വില വലിയ രീതിയില്‍ വര്‍ധിക്കുന്നതായിരിക്കും ഇതിന് വഴിയൊരുക്കുക. ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുന്ന റഷ്യയ്‌ക്ക് എതിരായുള്ള യൂറോപ്യന്‍ യൂണിയന്‍റെ ഉപരോധങ്ങളാണ് ഈ ഒരു സാഹചര്യം സൃഷ്‌ടിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഏതാണ്ട് പൂര്‍ണമായി നിരോധിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതോട്‌ കൂടി റഷ്യയ്‌ക്ക് ഒരു രാജ്യത്തേക്കും എണ്ണ കയറ്റുമതി ചെയ്യാന്‍ പറ്റാത്ത സാഹചര്യവുമുണ്ടാകും.

അന്താരാഷ്‌ട്ര എണ്ണ വിപണിയില്‍ എകദേശം 10 ശതമാനം റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയാണ്. പെട്ടെന്ന് ഇത്രയും അളവിലുള്ള എണ്ണ അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന് കുറയുമ്പോള്‍ അസംസ്‌കൃത എണ്ണയുടെ വലിയ രീതിയിലുള്ള വിലക്കയറ്റമായിരിക്കും ഉണ്ടാവുക. ബാരലിന് 200 ഡോളര്‍ കടന്നേക്കുമെന്നാണ് യുഎസ് ഭരണകൂടം കണക്കാക്കുന്നത്. ഇത് ശക്‌തമായ സാമ്പത്തിക മാന്ദ്യവും ഭക്ഷ്യധാന്യങ്ങളുടെ വലിയ വിലവര്‍ധനവിനും കാരണമാകും.

യൂറോപ്യന്‍ യൂണിയനിലെയും ബ്രിട്ടനിലെയും യുഎസിലെയും ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കപ്പല്‍ കമ്പനികളെ ആശ്രയിച്ചാണ് റഷ്യ ലോക രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്. നിലവില്‍ ഈ കമ്പനികളെ പാശ്ചാത്യ രാജ്യങ്ങള്‍ വിലക്കിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഈ വിലക്ക് നിലവില്‍ വരും.

അങ്ങനെ വരുമ്പോള്‍ ഏതാനും വര്‍ഷത്തേക്കെങ്കിലും റഷ്യയ്‌ക്ക് എണ്ണ കയറ്റുമതി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. അന്താരാഷ്‌ട്ര രംഗത്ത് ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, ചരക്ക് കപ്പല്‍ എന്നിവയില്‍ പാശ്ചാത്യ കുത്തക നിലനില്‍ക്കുകയാണ്. ഈ കുത്തക റഷ്യയ്‌ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ എളുപ്പം മറികടക്കാന്‍ സാധിക്കില്ല.

പുതിയ തന്ത്രവുമായി ബൈഡന്‍ ഭരണകൂടം:എണ്ണവില ക്രമാതീതമായി വര്‍ധിച്ച് ആഗോള മാന്ദ്യമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് യുഎസിലെ ബൈഡന്‍ ഭരണകൂടം. റഷ്യയുടെ എണ്ണ കയറ്റുമതിയിലൂടെയുള്ള വരുമാനം കുറയ്‌ക്കുകയും ഈ തന്ത്രത്തിന്‍റെ ലക്ഷ്യമാണ്. സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 7നില്‍ ഈ തന്ത്രത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിരുന്നു.

റഷ്യയെ യൂറോപ്പിന് പുറത്ത് എണ്ണ വില്‍ക്കാന്‍ ചില നിബന്ധനകളോടെ അനുവദിക്കുക എന്നതാണ് ഈ തന്ത്രത്തിന്‍റെ കാതല്‍(ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കപ്പല്‍ കമ്പനികള്‍ക്ക് എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ റഷ്യയുമായി നടത്തുന്നതിന് വിലക്കുണ്ടാവില്ല). അമേരിക്കയും സഖ്യ രാജ്യങ്ങളും പറയുന്ന വിലയ്‌ക്ക് മാത്രമേ വില്‍ക്കാവൂ എന്നതാണ് ഈ നിബന്ധന. അന്താരാഷ്‌ട്ര വിപണയിലേതിനേക്കാള്‍ വളരെ കുറഞ്ഞ വിലയായിരിക്കും നിശ്ചയിക്കുക.

ഇപ്പോള്‍ തന്നെ അന്താരാഷ്‌ട്ര വിലയേക്കാളും ബാരലിന് മുപ്പത് ഡോളര്‍ കുറച്ചാണ് റഷ്യ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും അസംസ്‌കൃത എണ്ണ വില്‍ക്കുന്നത്. ഇതിലും കുറഞ്ഞ വിലയായിരിക്കും നിശ്ചയിക്കുക. ഇങ്ങനെ വരുമ്പോള്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത അന്താരാഷ്‌ട്ര വിപണിയില്‍ ഉറപ്പുവരുത്താന്‍ സാധിക്കും. അതിലൂടെ അന്താരാഷ്‌ട്ര എണ്ണവില കുറയ്‌ക്കാനും അതോടൊപ്പം റഷ്യയുടെ കയറ്റുമതി വരുമാനം കുറയ്‌ക്കാനും സാധിക്കുമെന്നാണ് ബൈഡന്‍ ഭരണകൂടം കണക്കാക്കുന്നത്.

ഈ പദ്ധതിക്ക് പിന്തുണ ലഭിക്കുന്നതിന് വേണ്ടി പാശ്ചാത്യ ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കപ്പല്‍ കമ്പനികളുമായി ബൈഡന്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ജൂലൈ 15-16 തിയതികളിലായി നടക്കുന്ന ജി20 ധനകാര്യ മന്ത്രിമാരുടെ യോഗത്തിനിടയില്‍ ഈ വിഷയം ഇന്ത്യയടക്കമുള്ള മറ്റ് ജി20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യും.

പദ്ധതി എത്രത്തോളം വിജയിക്കുമെന്നുള്ള കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന വിദഗ്‌ധരുമുണ്ട്. റഷ്യ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ വില്‍ക്കുന്നത് കൊണ്ട് മാത്രം ഉപഭോക്താക്കള്‍ക്ക് വില കുറയണമെന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. റിഫൈനറികള്‍ കുറഞ്ഞ വിലയ്‌ക്ക് അസംസ്‌കൃത എണ്ണ വാങ്ങി കൂടിയ വിലയ്‌ക്ക് വില്‍ക്കുന്ന സാഹചര്യമുണ്ടാകുന്നതാണ് ഇതിന് കാരണം.

ഇപ്പോള്‍ തന്നെ ഇന്ത്യയിലെയും ചൈനയിലെയും റിഫൈനറികള്‍ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുകയും അവ സംസ്‌കരിച്ച് പെട്രോളിയം ഉത്‌പന്നങ്ങളാക്കി കൂടിയ വിലയ്‌ക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ട്. റഷ്യ ഈ നിബന്ധന മറികടക്കാനുള്ള സാധ്യതയും ചില വിദഗ്‌ധര്‍ കാണുന്നു.

ABOUT THE AUTHOR

...view details