കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയില്‍ പൊലീസ് ആസ്ഥാനത്തിനുനേരെ ഭീകരാക്രമണം. അക്രമികള്‍ ഇവിടേക്ക് ഇരച്ചുകയറിയതോടെ പൊലീസുമായി കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് പൊലീസ് ആസ്ഥാനത്തേക്കും വ്യാപിച്ചിരിക്കുന്നത്.
ആക്രമണ വിവരം കറാച്ചി പൊലീസ് വക്താവ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി. തന്‍റെ ഓഫിസ് ആക്രമിക്കപ്പെട്ടിരിക്കുകയാണെന്നും സംഭവസമയത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചുവെന്നും കറാച്ചി പൊലീസ് മേധാവി ജാവേദ് ഒദ്ധോ ട്വീറ്റ് ചെയ്‌തു.
എത്ര ഭീകരര്‍ അക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നുള്ള വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ഭീകരര്‍ കറാച്ചി പൊലീസ് മേധാവിയുടെ ഓഫിസിന്‍റെ പരിസരപ്രദേശത്ത് ഗ്രനേഡുകള്‍ എറിഞ്ഞതിന് ശേഷമാണ് ഓഫിസിന് ഉള്ളില്‍ പ്രവേശിച്ചത്. നിലവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പൊലീസും ഭീകരരും തമ്മില്‍ കനത്ത വെടിവയ്‌പ്പ് നടക്കുകയാണ്.
അക്രമികളെ വളയാന്‍ ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മൊബൈല്‍ വാനുകളോട് സ്ഥലത്ത് എത്തിച്ചേരാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടൗണിലേയ്‌ക്ക് പോകുന്ന പ്രധാന പാതയിലാണ് കറാച്ചി പൊലീസ് മേധാവിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. അക്രമത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനും താലിബാനുമായി മാസങ്ങള്‍ നീണ്ട വെടിവയ്‌പ്പ് നവംബര്‍ മാസം അവസാനിപ്പിച്ചുവെങ്കിവും തീവ്രവാദ അക്രമണങ്ങള്‍ പരിധിയില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പെഷവാര്‍ നഗരത്തിലെ സുരക്ഷാമേഖലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പ്രാര്‍ഥനയ്‌ക്കായി എത്തിയ പള്ളിയില്‍ ചാവേറാക്രമണമുണ്ടായിരുന്നു.ഇവിടെ വിശ്വാസികളും സുരക്ഷ ഉദ്യോഗസ്ഥരും അടക്കം 100ല്‍ പരമാളുകള്‍ കൊല്ലപ്പെട്ടു.