ഫാമിംഗ്ടൺ :യുഎസിൽ വെടിവയ്പ്പിൽ മൂന്ന് മരണം. വടക്കുപടിഞ്ഞാറൻ ന്യൂ മെക്‌സിക്കോ കമ്മ്യൂണിറ്റിയിൽ തിങ്കളാഴ്‌ച 18 കാരൻ നടത്തിയ വെടിവയ്‌പ്പിലാണ് മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
എണ്ണ - പ്രകൃതി വാതക വ്യവസായവും, വിതരണ ലൈനുകളും ഉള്ള യൂട്ടാ സ്റ്റേറ്റ് ലൈനിന് സമീപം 50,000 ത്തോളം ആളുകൾ താമസിക്കുന്ന ഫാമിംഗ്‌ടണിൽ രാവിലെ 11 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ഒരു റസിഡൻഷ്യൽ സ്ട്രീറ്റിൽ ആളുകൾക്ക് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫാമിംഗ്‌ടൺ പൊലീസ് ഡെപ്യൂട്ടി ചീഫ് ബാരിക് ക്രം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ മരണങ്ങൾ തടയാന്‍ പൊലീസ് പ്രതിയെ വെടിവയ്ക്കുകയായിരുന്നു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്തായിരുന്നു അക്രമണത്തിന്‍റെ ലക്ഷ്യമെന്നറിയില്ലെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. സാൻ ജുവാൻ റീജ്യണല്‍ മെഡിക്കൽ സെന്‍ററിൽ, ഫാമിംഗ്ടൺ പൊലീസ് ഓഫിസറും ഒരു സ്‌റ്റേറ്റ് പൊലീസ് ഓഫിസറും ഉൾപ്പടെ ഏഴ് പേരാണ് ചികിത്സയിലുള്ളത്.
എന്നാൽ പരിക്കേറ്റ ആളുകളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയിൽ വെടിവയ്‌പ്പ് കൊലപാതകങ്ങൾ സ്ഥിരം സംഭവമാണ്. ഒരാഴ്‌ച മുൻപ് അമേരിക്കയിലെ മാളിൽ നടന്ന വെടിവയ്പ്പിൽ 9 ആളുകളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഡള്ളാസിലെ മാളിൽ നടന്ന വെടിവയ്പ്പിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.