കാബൂൾ:അഫ്‌ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുകയും രാജ്യത്തിന് പുറത്ത് നിന്ന് ഔട്ട്‌ലെറ്റ് പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന അഫ്‌ഗാൻ മാധ്യമസ്ഥാപനങ്ങൾക്കെതിരെ താലിബാൻ കോടതികൾ ഉടൻ വിധി പുറപ്പെടുവിക്കുമെന്ന് താലിബാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയം ഡയറക്‌ടർ അബ്‌ദുല്‍ ഹഖ് ഹെമദ്. ഇത്തരം മാധ്യമങ്ങൾ ഭരണത്തിനെതിരെ കുപ്രചരണം നടത്തുകയാണെന്ന് ഹെമദ് ആരോപിച്ചു. ഇത്തരം മാധ്യമങ്ങളെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്, വിഷയം കോടതിയിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കോടതിയുടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹെമദ് പറഞ്ഞു.
മാധ്യമ സ്ഥാപനത്തിന്‍റെ എക്‌സിക്യൂട്ടീവുകൾക്ക് പുറത്ത് നിന്ന് പ്രവർത്തിക്കാനും ഭരണകൂടത്തിനെതിരായ പ്രചരണം പ്രോത്സാഹിപ്പിക്കാനും ഒരു നിയമവും അനുവദിക്കുന്നില്ലെന്ന് ഹെമദ് കൂട്ടിച്ചേർത്തു. താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്‌ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിൽ, അഫ്‌ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ (UNAMA) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2021 ഓഗസ്റ്റ് മുതൽ അഫ്‌ഗാനിസ്ഥാനിൽ 200ലധികം റിപ്പോർട്ടർമാർ മനുഷ്യാവകാശ ലംഘനങ്ങൾ നേരിട്ടു. സ്വേച്ഛാപരമായ അറസ്റ്റ്, മോശമായ പെരുമാറ്റം, ഭീഷണിപ്പെടുത്തൽ എന്നിവ നേരിട്ടതായാണ് റിപ്പോർട്ട്.