കാബൂൾ: സ്‌ത്രീകൾക്കെതിരായ താലിബാന്‍റെ കർശന നടപടികൾ പിൻവലിക്കണമെന്ന ഐക്യരാഷ്‌ട്ര സുരക്ഷ കൗൺസിലിന്‍റെ (യുഎൻഎസ്‌സി) ആഹ്വാനത്തെ 'അടിസ്ഥാനരഹിതം' എന്ന് വിശേഷിപ്പിച്ച താലിബാൻ സേന. പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളും, മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന നയം പിൻവലിക്കണമെന്ന് സുരക്ഷ കൗൺസിൽ താലിബാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രസ്‌താവന.
അഫ്‌ഗാൻ സ്‌ത്രീകളുടെ അവകാശങ്ങളോടുള്ള താലിബാന്‍റെ പ്രതിബദ്ധത ആവർത്തിച്ചുക്കൊണ്ടാണ് മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചുള്ള യുഎൻഎസ്‌സിയുടെ ആശങ്കകൾ താലിബാൻ വിദേശകാര്യ മന്ത്രാലയം നിരസിച്ചത്. അഫ്‌ഗനിസ്ഥാനിലെ ബഹുഭൂരിഭാഗവും ജനങ്ങൾ മുസ്‌ലിങ്ങളായതിനാൽ, ഹിജാബ് ധരിക്കുന്നത് സമൂഹത്തിന്‍റെ മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളുമായി പൊരുത്തപ്പെടുന്നതായി അഫ്‌ഗാൻ സർക്കാർ കരുതുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്‌ദുല്‍ ഖഹർ ബൽഖി വ്യക്തമാക്കിയത്.