വാഷിങ്‌ടണ്‍ :വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മലിനീകരണം കുറയ്ക്കുമെന്നും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുമെന്നും നമുക്ക് അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍, വായുമലിനീകരണം കുറയുന്നത് മനുഷ്യര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന സാഹചര്യമൊരുക്കുമെന്ന് പഠനത്തിലൂടെ വ്യക്തമാക്കുകയാണ് അമേരിക്കയിലെ കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ. ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതാണ് ഈ ശുഭവാര്‍ത്ത. 'സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്‍റ്' എന്ന ജേണലിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
തുടര്‍ച്ചയായി നിരീക്ഷിച്ചു, ഒടുവില്‍..:കാലിഫോർണിയയിൽ സംഭവിക്കുന്ന 'സ്വാഭാവിക പരീക്ഷണം' വിശകലനം ചെയ്‌താണ് ഗവേഷകര്‍ ഇതേക്കുറിച്ചുള്ള പഠനത്തിന്‍റെ കണ്ടെത്തലില്‍ എത്തിയത്. ഇവിടുത്തെ ആളുകള്‍ ഇലക്‌ട്രിക് വാഹനങ്ങളും ലൈറ്റ്-ഡ്യൂട്ടി സീറോ എമിഷൻ വാഹനങ്ങളും (ZEVs) ഉപയോഗിക്കുന്നത് വര്‍ധിക്കുന്നത് നിരീക്ഷിച്ചാണ് ഈ 'സ്വാഭാവിക പരീക്ഷണ'ത്തിലേക്ക് ഗവേഷകര്‍ കടന്നത്. 2013നും 2019നും ഇടയിൽ, കാലിഫോര്‍ണിയയില്‍ സീറോ എമിഷൻ വാഹനങ്ങള്‍ രജിസ്‌ട്രേഷൻ ചെയ്‌തതിന്‍റെ കണക്ക് വാഹന ഷോറൂമുകളുടെ അധികൃതരുമായി ബന്ധപ്പെട്ട് വാങ്ങി. ഇത് വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് തുടര്‍ച്ചയായി നിരീക്ഷിച്ചു.
ഇലക്‌ട്രിക് വാഹനങ്ങളും ലൈറ്റ്-ഡ്യൂട്ടി സീറോ എമിഷൻ വാഹനങ്ങളും വാങ്ങുന്നത് വര്‍ധിച്ചതോടെ വായു മലിനീകരണ തോത് കുറയുന്നതും ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങള്‍ ആളുകള്‍ സന്ദർശിക്കുന്നതും കുറഞ്ഞു. 'കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നത് പൊതുവെ ആഗോള തലത്തില്‍ മാത്രം അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. എന്നാൽ, പ്രാദേശിക തലത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് നമ്മള്‍ മനസിലാക്കണം. മലിനീകരണത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഓരോ പ്രദേശത്തുള്ളവരുടേയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന കാര്യം പൊതുജനങ്ങൾക്കും ഒരു ശക്തമായ സന്ദേശമാണ് നല്‍കുന്നത്.'- കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ പോപ്പുലേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് സയൻസസ് അസിസ്റ്റന്‍റ് പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയുമായ എറിക്ക ഗാർസിയ പറഞ്ഞു.
അറിയണം, മാറ്റണം 'അഡോപ്ഷൻ ഗ്യാപ്പ്':സീറോ എമിഷൻ വാഹനങ്ങളുടെ ഉപയോഗം കാലക്രമേണ വർധിച്ചുവെങ്കിലും അവികസിത പ്രദേശങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മന്ദഗതിയിലാണെന്ന് ഗവേഷകർ കണ്ടെത്തി. ഇതിനെ ഗവേഷകർ 'അഡോപ്ഷൻ ഗ്യാപ്പ്' എന്നാണ് വിശേഷിപ്പിക്കുന്നത്. മലിനീകരണവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും ആനുപാതികമായി ബാധിക്കപ്പെടുന്ന പ്രദേശങ്ങളില്‍ ഇതിനെ മറികടക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഗവേഷണം വിരല്‍ചൂണ്ടുന്നത്. കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. യഥാര്‍ഥത്തില്‍ ഭയം തോന്നിക്കുന്നതാണ് അതെന്ന്, കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ പോപ്പുലേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് സയൻസസ് അസോസിയേറ്റ് പ്രൊഫസറും മുതിര്‍ന്ന ഗവേഷകനുമായ സാന്‍ഡ്ര എക്കൽ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനത്തില്‍ മാറ്റമുണ്ടാക്കുന്നതിലേക്ക് സമൂഹത്തിന്‍റെ ചര്‍ച്ച എത്തിക്കാന്‍ കഴിയുന്നതില്‍ തങ്ങൾക്ക് ആവേശമുണ്ടെന്നും ഇവര്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നതിന്‍റെ ഫലങ്ങൾ പഠിക്കാൻ, ഗവേഷണ സംഘം നാല് വ്യത്യസ്‌ത ഡാറ്റാസെറ്റുകൾ വിശകലനം ചെയ്യുകയും താരതമ്യം ചെയ്യുകയുമുണ്ടായി. ആദ്യം, കാലിഫോർണിയ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്‍റില്‍ നിന്ന് സീറോ എമിഷൻ വാഹനങ്ങളുടെ (ബാറ്ററി ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങള്‍) ഡാറ്റയാണ് ഉപയോഗപ്പെടുത്തിയത്.