കൊളംബോ : ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വീട് വിനോദസഞ്ചാര കേന്ദ്രമാക്കി പ്രതിഷേധാനുകൂലികൾ. പൂർണമായും കൈയേറിയതിന് ശേഷം പ്രക്ഷോഭകര്‍ വസതിയിൽ അഴിഞ്ഞാടുകയായിരുന്നു. അവര്‍ ബാൽക്കണിയിലൂടെ നടക്കുന്നതും കിടപ്പുമുറികളിൽ വിശ്രമിക്കുന്നതും അടുക്കളയിൽ നിന്നും ഭക്ഷണം കഴിക്കുന്നതും നീന്തൽക്കുളത്തില്‍ കുളിക്കുന്നതും ജിമ്മില്‍ പരിശീലനത്തിലേര്‍പ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
പ്രസിഡന്‍റിന്‍റെ വസതിയിൽ ആഡംബര കാറുകളുടെ പശ്ചാത്തലത്തിൽ പലരും സെൽഫിയെടുക്കുന്നതും കാണാം. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയില്‍ അതിക്രമിച്ച് കയറിയ പ്രതിഷേധക്കാർ അവിടെ തീവച്ചിരുന്നു.
74 വർഷമായി തുടരുന്ന വ്യവസ്ഥിതി, രാജ്യത്തെ ജനതയുടെ അവകാശങ്ങളെ ഹനിച്ചതിലുള്ള അനിഷ്‌ടം പതാക ഉയർത്തി ഞങ്ങൾ പ്രകടിപ്പിക്കുകയാണ്. അവർ ആളുകളെ അടിച്ചമർത്തി. സൈന്യത്തെ ഉപയോഗിച്ച് അവർ അധികാരത്തെ മുറുകെപ്പിടിച്ചു. യുവത്വം ഈ സംവിധാനത്തിന് എതിരാണ്. അതിനാലാണ് കറുത്ത കൊടി ഉയർത്തിയത് - പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു.