കൊളംബോ: നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്‌ച (ജൂലൈ 13) രാജ്യം വിട്ട് മാലിദ്വീപിലേക്ക് കടന്ന രാജപക്‌സെ, വ്യാഴാഴ്‌ച (ജൂലൈ 14) തന്‍റെ രാജിക്കത്ത് സ്‌പീക്കർക്ക് ഇ-മെയിൽ വഴി അയച്ചതായാണ് വിവരം. സ്‌പീക്കർക്ക് രാജപക്‌സെയുടെ രാജിക്കത്ത് ലഭിച്ചതായി അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.
സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, രാജപക്‌സെ അഭയം ആവശ്യപ്പെട്ടിട്ടില്ല. അഭയം നൽകാമെന്ന് അങ്ങോട്ട് അറിയിച്ചിട്ടുമില്ല. മാലിയിൽ ഒരു ദിവസം ചെലവഴിച്ച അദ്ദേഹം നിലവിൽ സിംഗപ്പൂരിലെത്തിയതായാണ് വിവരം.