കേരളം

kerala

ETV Bharat / international

ലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജ്യം വിട്ടു, കുടുംബത്തോടൊപ്പം മാലിദ്വീപിലെത്തിയെന്ന് റിപ്പോർട്ടുകൾ - Lankan President left the country

ഗോതബായ രാജപക്‌സെ രാജിവെയ്‌ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. കഴിഞ്ഞ ശനിയാഴ്‌ച ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്‍റിന്‍റെ വസതി വളഞ്ഞത്.

Sri Lanka President Gotabaya Rajapaksa Maldives
ലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജ്യം വിട്ടു, കുടുംബത്തോടൊപ്പം മാലിദ്വീപിലെത്തിയെന്ന് റിപ്പോർട്ടുകൾ

By

Published : Jul 13, 2022, 7:17 AM IST

കൊളംബോ:കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭം ശക്തമായ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമാകുന്നു. പ്രക്ഷോഭകരെ ഭയന്ന് രാജ്യം വിടാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ മാലിദ്വീപിലെത്തിയതായി റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ഗോതബായ രാജ്യം വിട്ടതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ന് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്‌ക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗോതബായ രാജ്യം വിട്ടതായി വാർത്തകൾ വന്നത്. മാലിദ്വീപ് സർക്കാർ പ്രതിനിധി വെലന വിമാനത്താവളത്തില്‍ ഗോതബായയെയും കുടുംബത്തെയും സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീലങ്ക വിടാൻ ശ്രമിക്കുകയായിരുന്നു ഗോതബായ രാജപക്‌സെയും കുടുംബവും.

കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഐപി ക്യൂ വഴി ദുബായിലേക്ക് പോകാൻ നടത്തിയ ശ്രമം എമിഗ്രേഷൻ ജീവനക്കാർ തടഞ്ഞത് ശ്രീലങ്കൻ പ്രസിഡന്‍റിന് അന്തർദേശീയ തലത്തില്‍ വലിയ അപമാനമായിരുന്നു. ഒന്നിലധികം തവണയാണ് ഗോതബായയും കുടുംബവും യുഎഇയിലേക്ക് കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ഗോതബായയുടെ സഹോദരനും ശ്രീലങ്കയുടെ മുൻ ധനകാര്യമന്ത്രിയുമായ ബാസില്‍ രാജപക്‌സെയും വിമാനത്താവളത്തില്‍ ജീവനക്കാർ തടഞ്ഞിരുന്നു.

'രാജിവെയ്ക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന്': ഗോതബായ രാജപക്‌സെ രാജിവെയ്‌ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. കഴിഞ്ഞ ശനിയാഴ്‌ച ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്‍റിന്‍റെ വസതി വളഞ്ഞത്. ഇതോടെ സർക്കാരിനും പ്രസിഡന്‍റിനും എതിരായ പ്രക്ഷോഭം ശ്രീലങ്കയെ അക്ഷരാർഥത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സൈന്യവും പ്രക്ഷോഭകർക്കൊപ്പമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പ്രസിഡന്‍റും കുടുംബവും രാജ്യം വിടാൻ ശ്രമം തുടങ്ങിയത്.

ABOUT THE AUTHOR

...view details