കൊളംബോ:ഔദ്യോഗിക വസതിയും ഓഫിസും ജനം കയ്യേറി പിടിച്ചെടുത്തതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ. ജൂലൈ 13ന് ഗോതബായ രാജപക്‌സെ പ്രസിഡന്‍റ് സ്ഥാനമൊഴിയുമെന്ന് പാര്‍ലമെന്‍റ് സ്‌പീക്കര്‍ മഹിന്ദ യാപ്പ അബേവര്‍ധന അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കാനായാണ് പ്രസിഡന്‍റ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും ഇക്കാര്യം തന്നെ അറിയിച്ചുവെന്നും സ്‌പീക്കർ രാത്രി വൈകി വീഡിയോ പ്രസ്‌താവനയില്‍ പറഞ്ഞു.
ശനിയാഴ്‌ച(9.07.2022) വൈകിട്ട് ചേർന്ന സര്‍വകക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉടന്‍ രാജി വയ്‌ക്കണമെന്നും ഏഴ് ദിവസത്തിനകം പാര്‍ലമെന്‍റ് വിളിച്ചുകൂട്ടി ആക്‌റ്റിങ് പ്രസിഡന്‍റിനെ നിയമിക്കണമെന്നും സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗോതബായ രാജപക്‌സെ തന്‍റെ രാജി തീരുമാനം അറിയിച്ചത്.
പുതിയ പ്രസിഡന്‍റിനെ കണ്ടെത്തുന്നത് വരെ സ്‌പീക്കർ മഹിന്ദ യാപ്പ അബേവര്‍ധന ആക്‌റ്റിങ് പ്രസിഡന്‍റാകുമെന്നാണ് വിവരം. പ്രസിഡന്‍റിന്‍റെ രാജി പ്രഖ്യാപനത്തെ പടക്കം പൊട്ടിച്ച് ആഘോഷത്തോടെയാണ് പ്രക്ഷോഭകര്‍ വരവേറ്റത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തെരുവിലിറങ്ങിയ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് പ്രഡിഡന്‍റ് ഗോതബായ രാജപക്‌സെയുടെ രാജിയായിരുന്നു.
Read more: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ, വസതി വിട്ട് തടിതപ്പി ഗോതബായ രാജപക്‌സെ
ശനിയാഴ്‌ച പകല്‍ പതിനായിരങ്ങളാണ് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചെത്തിയത്. സുരക്ഷ സേനയെ ഉള്‍പ്പെടെ മറികടന്ന പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം പ്രസിഡന്‍റിന്‍റെ വസതി വളയുകയും തുടര്‍ന്ന് ഉള്ളില്‍ പ്രവേശിക്കുകയുമായിരുന്നു. സംഭവ സമയത്ത് പ്രസിഡന്‍റ് വസതിയിലുണ്ടായിരുന്നില്ല, മുന്‍കരുതലെന്ന നിലയില്‍ വെള്ളിയാഴ്‌ച(8.07.2022) രാത്രി തന്നെ രാജപക്‌സെയെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഇതിന് പിന്നാലെ പ്രധാനമന്ത്രി പദം ഒഴിയുമെന്ന് റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു. സര്‍വകക്ഷി സര്‍ക്കാരിനായി വഴി മാറുകയാണെന്നും രാജ്യത്തെ പൗരരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് രാജിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വിക്രമസിംഗെ രാജി പ്രഖ്യാപനം നടത്തിയത്.
70 വർഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ആഭ്യന്തര കാർഷിക ഉത്‌പാദനം കുറഞ്ഞതും വിദേശനാണ്യ ശേഖരത്തിന്‍റെ അഭാവവും പ്രാദേശിക കറൻസിയുടെ മൂല്യ തകർച്ചയും ക്ഷാമത്തിന് ആക്കം കൂട്ടി. ഇന്ധനം, പാചകവാതകം, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്‌തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.
Read more: രാജി പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി ; 'തീരുമാനം പൗരസുരക്ഷയ്‌ക്കും സര്‍ക്കാരിന്‍റെ തുടർച്ചയ്‌ക്കും'