വാഷിങ്ടണ്‍: അമേരിക്ക മിസിസിപ്പിയിലെ വിവിധയിടങ്ങളിലുണ്ടായ വെടിവയ്പ്പില്‍ ആറ് പേര്‍ മരിച്ചു. പ്രദേശത്തെ ഒരു പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റിലും രണ്ട് വീടുകളിലുമാണ് വെടിവെയ്‌പ്പ് നടന്നത്. ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി.
സംഭവത്തില്‍ റിച്ചാര്‍ഡ് ഡേല്‍ ക്രം എന്ന 52കാരനാണ് പിടിയിലായത്. പ്രതിയെ അക്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ലെന്ന് ഗവര്‍ണര്‍ ടെറ്റ് റീവ്സിന്‍റെ ഓഫിസ് വ്യക്തമാക്കി. ഇയാള്‍ തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നതെന്നും ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
കൗണ്ടി ഷെരീഫ് ബ്രാഡ് ലാൻസാണ് വെടിവയ്‌പ്പ് നടന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആക്രമണം നടന്ന സ്ഥലങ്ങള്‍ പൊലീസിന്‍റെ നിയന്ത്രണത്തിലാണുള്ളത്.
തോക്കുമായി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ പ്രതി ആദ്യം ഒരാളെ വെടിവച്ചുവീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങിയ ഇയാള്‍ സമീപത്തുള്ള ഒരു വീട്ടിലെത്തി ഒരു സ്ത്രീക്ക് നേരെയും വെടിയുതിര്‍ത്തു. ഇതിന് പിന്നാലെ മറ്റൊരു വീട്ടിലെത്തായമ് റിച്ചാര്‍ഡ് ക്രം മറ്റ് രണ്ട് പേരെക്കൂടി വധിച്ചതെന്ന് ബ്രാഡ് ലാന്‍സ് വ്യക്തമാക്കി.
വിവരമറിഞ്ഞെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാനെത്തിയെങ്കിലും കാറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇയാളെ പിടികൂടിയ ശേഷമാണ് വാഹനത്തിനുള്ളില്‍ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തിയത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി മറ്റൊരു വീടിന്‍റെ ഡ്രൈവ് വേയിലൂടെയ വാഹനം കയറ്റി. ഇതിനിടെയാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടതെന്നും ലാന്‍സ് കൂട്ടിച്ചേര്‍ത്തു.