ടോക്കിയോ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനഗരമായ ടോക്കിയോയില്‍ എത്തിച്ചു. തിങ്കളാഴ്‌ച പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം ഭൗതിക ശരീരം ചൊവ്വാഴ്‌ച(12.07.2022) സംസ്‌കരിക്കും. അതേ സമയം ഷിൻസോ ആബെയെ കൊലപ്പെടുത്തിയ തെത്സുയ യമഗാമിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
കേസില്‍ പ്രതിയായ തെത്സുയ യമഗാമി ഒരു മതവിഭാഗത്തിന്‍റെ നേതാവിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അബെയുമായി ബന്ധമുണ്ടെന്ന് താൻ വിശ്വസിക്കുന്ന ഒരു പ്രത്യേക സംഘടനയോടും തനിക്ക് പകയുണ്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞതായി ജപ്പാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആബെയുടെ രാഷ്‌ട്രീയ വിശ്വാസങ്ങള്‍ക്ക് എതിരായതിനാലാണ് താന്‍ കുറ്റം ചെയ്‌തതെന്ന വാര്‍ത്തകള്‍ ഇയാള്‍ നിഷേധിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിയായ തെത്സുയ യമഗാമി മൂന്ന് വർഷം ജാപ്പനീസ് നാവിക സേനയിൽ സേവനമനുഷ്‌ഠിച്ചിരുന്ന വ്യക്തിയാണ്. ആബെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തിയ മറ്റ് സ്ഥലങ്ങളിലും യമഗാമി സന്ദര്‍ശിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. നേവിയിലെ ജോലി വിട്ടതിന് ശേഷം ജപ്പാനിലെ ഒരു നിര്‍മാണ കമ്പനിയില്‍ 2020 മുതല്‍ ജോലി ചെയ്‌തിരുന്ന ഇയാള്‍ ഈ വര്‍ഷം മേയ് മാസത്തില്‍ അവിടത്തെ ജോലിയും ഉപേക്ഷിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.