ബെയ്‌ജിങ് : വടക്കുകിഴക്കൻ ചൈനയിൽ സ്‌കൂൾ ജിംനേഷ്യത്തിന്‍റെ മേൽക്കൂര തകർന്ന് 11 പേർ മരിച്ചു. ഹെയ്‌ലോംങ്‌ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാറിലെ നമ്പർ 34 മിഡിൽ സ്‌കൂളിലെ ജിമ്മിന്‍റെ കെട്ടിടമാണ് ഇന്നലെ തകർന്നത്. ചൈനീസ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമെന്ന് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂളിലെ വനിത വോളിബോൾ ടീം ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തിയുടെ ചുമതലയുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്‌തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
1,200 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ജിംനേഷ്യത്തിൽ അപകടസമയത്ത് 19 പേരുണ്ടായിരുന്നു. നാല് പേർ രക്ഷപ്പെട്ടതായും 15 പേർ കുടുങ്ങിയതായും മുനിസിപ്പൽ സെർച്ച് ആൻഡ് റെസ്ക്യു ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു, ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്‌ച പുലർച്ചെ 5:30 വരെ, 14 പേരെ അവശിഷ്‌ടങ്ങളിൽ നിന്ന് പുറത്തെടുത്തു.
ഇതിൽ നാല് പേർ അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആറുപേർ ചികിത്സയ്ക്കിടെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിനിടെ ജീവനോടെ പുറത്തെടുത്ത നാല് പേർ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ദാരുണമായ സംഭവം അവിടുത്തെ താമസക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.