റിയാദ്:ഓൺലൈനിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിരമിച്ച അധ്യാപകന് വധശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി (Saudi Arabia Court). 54കാരനായ മുഹമ്മദ് അൽ ഗംദിനെതിരെയാണ് കോടതി വിധി. അദ്ദേഹത്തിന്റെ സഹോദരനേയും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിനെയും (Human Rights Watch) ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അധ്യാപകൻ മുഹമ്മദ് അൽ ഗംദി ഓണ്‍ലൈനിൽ അഴിമതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും വിമർശിച്ചുകൊണ്ടുളള അഞ്ച് ട്വീറ്റുകൾ ചെയ്തതിനെ തുടർന്നാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സയിദ് ബിൻ നാസർ അൽ ഗംദി മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ വിലയിരുത്തലില്‍ സൗദി അറേബ്യയുടെ തീവ്രവാദ വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 30 പ്രകാരം മതത്തെ ദുർബലപ്പെടുത്തുന്ന വിധത്തിലും രാജാവിനും കിരീടാവകാശിയ്ക്കുമെതിരായ പരാമര്‍ശത്തിലും കഴിഞ്ഞ വർഷം മുഹമ്മദ് അൽ ഗംദിയെ അറസ്റ്റ് ചെയ്തിരുന്നു.
പുറമെ, അദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുകയുണ്ടായി. ആർട്ടിക്കിൾ 34 പ്രകാരം ഭീകരവാദത്തെ പിന്തുണച്ചു, ആർട്ടിക്കിൾ 43 - തീവ്രവാദ സംഘടനയുമായുള്ള ആശയവിനിമയം, ആർട്ടിക്കിൾ 44 - തീവ്രവാദ കുറ്റകൃത്യം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുക എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍. കഴിഞ്ഞ വർഷം മുഹമ്മദ് അൽ ഗംദിയെ അറസ്റ്റ് ചെയ്യുകയും ജൂലായിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരു അഭിഭാഷകനെ സമീപിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിലെ അടിച്ചമർത്തൽ ഭയാനകമായ ഒരു പുതിയ ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നും സമാധാനപരമായ ട്വീറ്റുകൾക്കല്ലാതെ മറ്റൊന്നിനും കോടതിക്ക് വധശിക്ഷ നൽകാൻ കഴിയില്ലെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതിനിധി ജോയി ഷിയ പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 92 പേരെ സൗദി അറേബ്യ വധിച്ചിട്ടുണ്ട്.