കീവ്:കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കി റഷ്യന്‍ സൈന്യം. യുക്രൈന്‍ സൈന്യം പ്രതിരോധിച്ചിരുന്ന ലുഹാന്‍സ്‌കിലെ അവസാന നഗരമായ ലിസിചാന്‍സ്‌കും കീഴടക്കിയതോടെയാണ് പ്രവിശ്യ പൂര്‍ണമായി റഷ്യയുടെ നിയന്ത്രണത്തില്‍ വന്നത്. ലിസിചാന്‍സ്‌ക് നഗര കാര്യാലയത്തില്‍ റഷ്യന്‍ അനുകൂല വിമത റിപ്പബ്ലിക്കായ ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ലിക്കിന്‍റെ കൊടി റഷ്യന്‍ സൈനികര്‍ നാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ലിസിചാന്‍സ്‌കില്‍ നിന്ന് തങ്ങള്‍ പിന്‍വലിഞ്ഞെന്ന് യുക്രൈന്‍ സൈന്യവും വ്യക്തമാക്കി. ലുഹാന്‍സ്‌ക് നിയന്ത്രണത്തില്‍ ആയതോടെ ഡൊണെസ്‌ക് പ്രവിശ്യ കൂടി അടങ്ങുന്ന ഡോണ്‍ബാസ് മേഖല മൊത്തമായി കീഴടക്കാനുള്ള റഷ്യയുടെ ശ്രമം എളുപ്പമായിരിക്കുകയാണ്. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ഡോണ്‍ബാസ്. ധാതുക്കളാല്‍ സമ്പന്നമായ ഇവിടം വ്യാവസായിക പരമായി പ്രാധാന്യമുള്ളതാണ്.
ലുഹാന്‍സ്‌കിലെ രണ്ട് പ്രധാനപ്പെട്ട നഗരങ്ങളാണ് ലിസിചാന്‍സ്‌കും, സിവിയറഡൊണസ്‌കും. സിവെര്‍സ്‌കി ഡൊണെറ്റ്‌സ് നദിയുടെ ഇരു കരകളിലുമായാണ് ഈ നഗരങ്ങള്‍. സിവിയറഡൊണസ്‌ക് റഷ്യ പിടിച്ചെടുത്തതിന് ശേഷം ഒരാഴ്‌ചയോളം യുക്രൈന്‍ സൈന്യം ലിസിചാന്‍സ്‌ക് പ്രതിരോധിച്ചിരുന്നു. നഗരത്തിനുള്ളില്‍ വളരെ അടുത്തടുത്ത് നിന്നുള്ള രൂക്ഷമായ പോരാട്ടത്തിന് ശേഷമാണ് റഷ്യ ലിസിചാന്‍സ്‌ക് പിടിച്ചെടുത്തത്.
ഡോണ്‍ബാസിന്‍റ പ്രാധാന്യം: ലിസിചാന്‍സ്‌കിലേക്കുള്ള യുക്രൈന്‍ സൈന്യത്തിന്‍റെ സപ്ലൈലൈനുകള്‍ വിച്‌ഛേദിച്ചും വലിയ രീതിയിലുള്ള പീരങ്കി ആക്രമണം നടത്തിയുമാണ് യുക്രൈന്‍ പ്രതിരോധത്തെ റഷ്യന്‍ സൈന്യം തകര്‍ത്തത്. ഇനി ഡൊണെസ്‌ക് പൂര്‍ണമായി നിയന്ത്രണത്തിലാക്കുക എന്നതിലേക്ക് റഷ്യന്‍ സൈന്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഡോണ്‍ബാസ് മേഖല പൂര്‍ണായി പിടിച്ചെടുക്കുക എന്നുള്ളത് റഷ്യന്‍ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമാണ്.
ഡോണ്‍ബാസ് പൂര്‍ണമായി നിയന്ത്രണത്തില്‍ വന്നാല്‍ ക്രൈമിയ ഉപദ്വീപിലേക്ക് കരമാര്‍ഗമുള്ള വഴി റഷ്യയ്‌ക്ക് ലഭ്യമാവും. 2014 മുതല്‍ റഷ്യന്‍ അനുകൂല വിമതരും യുക്രൈനിയന്‍ സൈന്യവും ഡോണ്‍ബാസ് മേഖലയില്‍ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ അനുകൂല വിമതര്‍ ഡോണെസ്‌കും ലുഹാന്‍സ്‌കും റിപ്പബ്ലിക്കുകളായി പ്രഖ്യാപിക്കുകയായിരുന്നു.
ഈ രണ്ട് റിപ്പബ്ലിക്കുകളെയും അംഗീകരിച്ചതിന് ശേഷമാണ് റഷ്യ ഈ വര്‍ഷം ഫെബ്രുവരി 24 ന് യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. ഫെബ്രുവരി 24ന് മുന്‍പ് ഡോണ്‍ബാസ് മേഖലയുടെ മൂന്നില്‍ ഒരു ഭാഗം മാത്രമേ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വംശജരെ നവനാസികള്‍ നയിക്കുന്ന യുക്രൈന്‍ സൈന്യത്തിന്‍റെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് സൈനിക നടപടിയെന്നാണ് റഷ്യ പ്രഖ്യാപിച്ചത്.