കീവ്:ലോകം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ രണ്ട് കോടി ടണ്‍ ഭക്ഷ്യ ധാന്യം യുക്രൈനില്‍ കെട്ടിക്കിടക്കുന്നു. അത് ഉടനെ വിട്ട് കിട്ടിയില്ലെങ്കില്‍ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമവും അതിന്‍റെ ഫലമായി രാഷ്‌ട്രീയ അസ്ഥിരതയും ഉണ്ടാവുമെന്ന് ഐക്യരാഷ്ട്രസഭ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഡേവിഡ് ബീസ്‌ലി മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തിന്‍റെ ധാന്യ കലവറകളില്‍ ഒന്നാണ് യുക്രൈന്‍. കൊവിഡ് - ലോക്ക് ഡൗണ്‍ കാരണം ലോകത്തിലെ പല ഭക്ഷ്യ വിതരണ ശൃംഖലകളും അവതാളത്തില്‍ ആയിരുന്നു. അതിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭക്ഷ്യവസ്‌തുക്കള്‍ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ഉണ്ടാകുന്നതും അവിടെ നിന്നുള്ള കയറ്റുമതി നിലച്ചതും. ഇത് ലോകവ്യാപകമായി ധാന്യങ്ങളുടെ വിലക്കയറ്റത്തിലേക്കാണ് നയിച്ചത്. കരിങ്കടലിലെ യുക്രൈനിന്‍റെ തുറമുഖങ്ങള്‍ പലതും റഷ്യ പിടിച്ചെടുത്തിരിക്കുകയാണ്. ബാക്കിയുള്ളവയ്‌ക്ക് റഷ്യ തടസം സൃഷ്‌ടിക്കുകയാണ്. ഇത് കാരണം ഗോതമ്പ്, ചോളം, ബാര്‍ലി, ഓട്‌സ്, സൂര്യകാന്തി എണ്ണ എന്നിവയുടെ വന്‍ശേഖരം കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നു.
യുദ്ധത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുന്നു: യുക്രൈനിന്‍റെ ഫലപുഷ്‌ടമായ കൃഷിയിടങ്ങള്‍ പലതും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നതും യുക്രൈനിലെ കാര്‍ഷികോത്പാദനത്തെ ബാധിക്കുന്നു. പല കൃഷിയിടങ്ങളിലും ബോംബുകള്‍ വര്‍ഷിക്കപ്പെട്ട് നശിക്കുകയും ചെയ്‌തിട്ടുണ്ട്. റഷ്യന്‍ സേന യുക്രൈനിലെ വലിയ അളവിലുള്ള ധാന്യശേഖരണവും കാര്‍ഷി യന്ത്ര സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ ആരോപിച്ചു. കൂടാതെ ലോകവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വിലയുര്‍ത്താനായി റഷ്യ മനഃപൂര്‍വം അവരുടെ ഭക്ഷ്യധാന്യ കയറ്റുമതിയില്‍ കുറവുവരുത്തുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ തങ്ങള്‍ക്ക് രാഷ്‌ട്രീയ പിന്തുണ നല്‍കണമെന്ന വ്യവസ്ഥയും രാജ്യങ്ങളുടെ മേല്‍ റഷ്യ വയ്‌ക്കുകയാണെന്നും ഉര്‍സുല വോണ്‍ ആരോപിച്ചു.
യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന് ആശങ്ക: യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി കുറയുന്നത് ആഫ്രിക്കയിലും മറ്റുമുള്ള ദരിദ്രരാജ്യങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. ആഫ്രിക്കയിലുണ്ടാകുന്ന ഭക്ഷ്യക്ഷാമം യൂറോപ്പിലേക്ക് വലിയ രീതിയിലുള്ള അഭയാര്‍ഥി പ്രവാഹം ഉണ്ടാക്കുമെന്ന് പോളണ്ട് പ്രസിഡന്‍റ് ഓണ്‍ട്രേഡൂഡ പറഞ്ഞു. ആഫ്രിക്കയില്‍നിന്നും മധ്യേഷ്യയില്‍ നിന്നുമുള്ള 2015-16ലെ യൂറോപ്പിലേക്കുള്ള വലിയ പലായന തരംഗം യൂറോപ്യന്‍ യൂണിയന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിച്ച സംഭവമായിരുന്നു. അഭയാര്‍ഥികളെ എത്രമാത്രം സ്വീകരിക്കാമെന്ന കാര്യത്തില്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസമാണ് നിലനിന്നത്. അഭയാര്‍ഥി പ്രവാഹം പല യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്രവലതുപക്ഷ സംഘടനകള്‍ ശക്തിപ്പെടുന്നതിനും കാരണമായി.
സാധരണനിലയില്‍ ലോക ഭക്ഷ്യധാന്യ വിപണിയിലെ കാല്‍ഭാഗം റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള ഭക്ഷ്യധാന്യങ്ങളാണ്. ഈ അടുത്തവര്‍ഷങ്ങളില്‍ 35ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് യുക്രൈന്‍ ശരാശരി ഒരുമാസം കയറ്റി അയച്ചിരുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ യുക്രൈന്‍ കയറ്റി അയച്ചത് മൂന്ന് ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്. കഴിഞ്ഞ ഏപ്രിലില്‍ യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യധാന്യകയറ്റുമതിയില്‍ കുറച്ചു വര്‍ധനവുണ്ടായി. പത്ത് ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഏപ്രിലില്‍ യുക്രൈന്‍ കയറ്റി അയച്ചിരുന്നു.