മോസ്കോ: വിമത നീക്കത്തിൽ നിന്ന് പിന്മാറി റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്നർ സേനയുടെ മേധാവി യെവ്ഗ്‌നി പ്രിഗോഷിൻ. റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരെ സായുധ കലാപത്തിന് നേതൃത്വം നൽകിയ പ്രിഗോഷിനെതിരെ എടുത്ത കേസുകളും പിൻവലിക്കുമെന്ന് ക്രെംലിൻ വക്താവ് അറിയിച്ചു. പ്രിഗോഷിൻ ബെലറൂസിലേക്ക് പോകുമെന്നും അദ്ദേഹത്തോടൊപ്പം കലാപം നടത്തിയ പോരാളികളെ അവരുടെ മുന്നണിയിലെ സേവനം കണക്കിലെടുത്ത് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി എസ് പെസ്കോവ് പറഞ്ഞു.
കലാപത്തിൽ പങ്കെടുക്കാത്ത വാഗ്നർ പോരാളികൾക്ക് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കരാറിൽ ഒപ്പിടാമെന്ന് പെസ്കോവിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. ബെലറൂസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോവിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്നര്‍ സേന വിമത നീക്കം അവസാനിപ്പിച്ചത്. നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പിന്‍വലിയുകയും ചെയ്‌തു.
'ഇന്ന് രാത്രി 9 മണിക്ക്, പ്രസിഡന്‍റുമാർ ഫോണിൽ സംസാരിച്ചു. വാഗ്നർ ഗ്രൂപ്പിന്‍റെ നേതാവുമായുള്ള ചർച്ചകളുടെ ഫലങ്ങളെക്കുറിച്ച് ബെലറൂസ് പ്രസിഡന്‍റ് ലുകാഷെങ്കോ റഷ്യൻ പ്രസിഡന്‍റിനെ അറിയിച്ചു. പ്രസിഡന്‍റ് പുടിൻ തന്‍റെ എതിരാളിക്ക് നന്ദി പറഞ്ഞു' -ട്വിറ്ററിൽ ബെലറൂസ് വിദേശകാര്യ മന്ത്രാലയം കുറിച്ചു.
റഷ്യക്കെതിരെ വാഗ്‌നർ ഗ്രൂപ്പ്:റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സൈനിക നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഭ്യന്തര പ്രതിസന്ധിയും ആശങ്കയും ശക്തമായതോടെ മോസ്‌കോ അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിർദേശം ഉണ്ടായിരുന്നു.
അതിനിടെ രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വാഗ്‌നർ മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. വാഗ്‌നർ മേധാവി യെവ്‌ഗ്‌നി പ്രിഗോഷിനെ അനുസരിക്കരുതെന്ന് വാഗ്‌നർ സൈനികർക്ക് റഷ്യ നിർദേശം നൽകി. പിന്നാലെയാണ് വാഗ്‌നര്‍ സൈന്യം സായുധ വിപ്ലവത്തിനായി മോസ്‌കോയിലേക്ക് നീക്കം ആരംഭിച്ചത്.