കേരളം

kerala

By

Published : Jun 24, 2023, 12:23 PM IST

ETV Bharat / international

മറ്റൊരു വിപ്ലവമോ? മോസ്‌കോയില്‍ സുരക്ഷ മുന്നൊരുക്കം, റഷ്യയെ തിരിഞ്ഞുകുത്തിയ വാഗ്‌നർ ഗ്രൂപ്പ് തലവൻ യെവ്‌ഗ്‌നി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സൈനിക നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് റഷ്യയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മോസ്‌കോ അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാൻ സൈന്യം നിർദേശം നല്‍കി

Russia accuses Wagner chief of mutiny  Wagner chief  Russia  Russia Wagner  Wagner  മോസ്‌കോയില്‍ സുരക്ഷ  വാഗ്‌നർ ഗ്രൂപ്പ് തലവൻ  വാഗ്‌നർ ഗ്രൂപ്പ്  റഷ്യന്‍ ന്യൂസ് ഏജന്‍സി
Russia accuses Wagner chief of mutiny orders his arrest

മോസ്‌കോ: ഒടുവില്‍ സ്വന്തം രക്തം തന്നെ തിരിഞ്ഞുകുത്തി. യുക്രൈന് എതിരായ യുദ്ധം തുടരുന്ന റഷ്യൻ ഭരണകൂടത്തിനും സൈന്യത്തിനും സ്വന്തം കൂടാരത്തില്‍ നിന്ന് തന്നെ വിമതശബ്‌ദവും പരസ്യ വെല്ലുവിളിയും യുദ്ധ പ്രഖ്യാപനവും. റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സൈനിക നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് റഷ്യയില്‍ ആഭ്യന്തര പ്രതിസന്ധിയും ആശങ്കയും ശക്തമായത്.

ഇതോടെ മോസ്‌കോ അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാൻ സൈന്യം നിർദേശം നല്‍കി. പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിൻ സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോർട്ട്. അതിനിടെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വാഗ്‌നർ മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി (TASS) റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

വാഗ്‌നർ മേധാവി യെവ്‌ഗ്‌നി പ്രിഗോഷിനെ അനുസരിക്കരുതെന്ന നിർദേശവും റഷ്യ വാഗ്‌നർ സൈനികർക്ക് നൽകി. ഇതിനു പിന്നാലെയാണ് വാഗ്‌നര്‍ സൈന്യം സായുധ വിപ്ലവത്തിനായി മോസ്‌കോയിലേക്ക് നീക്കം തുടങ്ങിയത്.

എന്താണ് വാഗ്‌നർ ഗ്രൂപ്പിന്‍റെ പ്രശ്‌നം: റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ ഉറ്റ സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന യെവ്‌ഗ്‌നി പ്രിഗോഷിനാണ് വാഗ്‌നർ ഗ്രൂപ്പിന്‍റെ തലവൻ. പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്‌നർ ഗ്രൂപ്പിന്‍റെ തലവൻ യെവ്‌ഗ്‌നി പ്രിഗോഷിനും റഷ്യൻ സൈനിക നേതൃത്വവും തമ്മില്‍ തെറ്റിയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. നേരത്തെ യുക്രൈനിലെ ബഖ്‌മൂത്ത് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ ആരോപിച്ചിരുന്നു.

റഷ്യ യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും പ്രിഗോഷിൻ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ റഷ്യൻ സൈനിക നേതൃത്വം ഇതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യൻ സൈന്യത്തെ സഹായിച്ചിരുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സ്വരച്ചേർച്ചയില്ലാതെ വന്നതോടെയാണ് പ്രിഗോഷിൻ പരസ്യമായി റഷ്യൻ സൈന്യത്തിന് എതിരെ രംഗത്തുവന്നത്.

റഷ്യൻ സേനയുടെ നേതൃത്വത്തെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് യെവ്‌ഗ്‌നി പ്രിഗോഷിൻ ടെലഗ്രാം സന്ദേശത്തില്‍ പറഞ്ഞത്. 'ഞങ്ങൾ മുന്നോട്ട് പോകുകയാണ്. അവസാനം വരെ പോകും. ഞങ്ങളുടെ വഴിയില്‍ വരുന്നതിനെെയല്ലാം തകർക്കും. ദക്ഷിണ റഷ്യൻ മേഖലയില്‍ ഞങ്ങൾ എത്തിയെന്നും' -പ്രിഗോഷിൻ ടെലഗ്രാം സന്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം വാഗ്‌നർ ഗ്രൂപ്പിനോട് റഷ്യയ്ക്ക് എതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് മടങ്ങിപ്പോകാനും റഷ്യൻ സൈന്യം ആവശ്യപ്പെട്ടിരുന്നു.

ഇത് കൂട്ടാക്കാത്തതിനെ തുടർന്നാണ് പ്രിഗോഷിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. റഷ്യൻ സൈനിക നേതൃത്വത്തിന് നേരെ തിരിച്ചടിയുണ്ടാകുമെന്ന യെവ്‌ഗ്‌നി പ്രിഗോസിന്‍റെ പ്രസ്‌താവനയെ ഗൗരവമായാണ് റഷ്യൻ ഭരണകൂടം കാണുന്നത്. റസ്റ്റോറന്‍റ് ബസിനസിലൂടെ ധനികനായി മാറിയ പ്രിഗോഷിന്‍റെ കൂടുമാറ്റം റഷ്യൻ ഭരണകൂടത്തിന് ഇപ്പോൾ സൃഷ്‌ടിക്കുന്ന തലവേദന ചെറുതല്ലെന്നാണ് രാഷ്ട്രീയ വിദഗ്‌ധർ വ്യക്തമാക്കുന്നത്.

വാഗ്‌നർ ഗ്രൂപ്പ്: വാഗ്‌നർ ഗ്രൂപ്പിലേറെയും പരിചയ സമ്പന്നരായ മുൻ സൈനികരാണ്. റഷ്യയിൽ കൂലിപ്പട നിയമവിരുദ്ധമാണെങ്കിലും, വാഗ്നർ ഗ്രൂപ്പ് 2022 ൽ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുകയും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്‌തു. ദേശസ്നേഹ സംഘടന എന്ന നിലയിലാണ് റഷ്യയിൽ ഈ സംഘങ്ങൾ അറിയപ്പെടുന്നത്.

'പുട്ടിന്‍റെ ഷെഫ്' എന്ന് അറിയപ്പെട്ടിരുന്ന യെവ്‌ഗ്‌നി പ്രിഗോഷിൻ നേൃത്വം നല്‍കുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യയ്ക്ക് വേണ്ടി എന്ത് ക്രൂരനടപടിക്കും തുനിഞ്ഞ് ഇറങ്ങുന്ന കൂലിപട്ടാള സംഘമായിരുന്നു.

ABOUT THE AUTHOR

...view details