ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രാധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ഋഷിയുടെ സാധ്യത ഉയർന്നതായി ബ്രിട്ടൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ലിസ് ട്രസിന്‍റെ രാജിക്ക് ശേഷം ലണ്ടനിലേയ്‌ക്ക് തിരിച്ചെത്തിയ ബോറിസ് തനിക്കാവശ്യമായ പിന്തുണയുണ്ടെന്ന് മുൻപ് അവകാശപ്പെട്ടിരുന്നെങ്കിലും കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ നിന്ന് സ്വയം ഒഴിയുകയായിരുന്നു.
പ്രധാന മന്ത്രിയാകാനുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 100 പാർട്ടി എംപിമാരുടെ പിന്തുണയെങ്കിലും ആവശ്യമാണെന്നുരിക്കെ ഋഷി സുനകിന് 144 എംപിമാർ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മത്സര രംഗത്തുള്ള ഹൗസ് ഓഫ് കോമൺസിലെ ടോറി നേതാവ് പെന്നി മോർഡൗണ്ടിന് 23 എംപിമാർ മാത്രമാണ് പരസ്യമായി പിന്തുണ പ്രഖായപിച്ചിട്ടുള്ളത്.
ബോറിന്‍റെ മടങ്ങി വരവിൽ പാർട്ടിയിലെ തന്നെ പല നേതാക്കളും അസംതൃപ്‌തിയും പ്രകടിപ്പിച്ചിരുന്നു. ഋഷി സുനക്, പെന്നി മോർഡൗണ്ട് എന്നിവരുമായി കരാറിലെത്തുന്നതിൽ പരാജയപ്പെട്ടതിനാലാണ് താൻ നാമനിർദേശം പിൻവലിക്കുന്നതെന്നും വിജയിക്കുന്നവർക്ക് തന്‍റെ പിന്തുണ സമർപ്പിക്കുന്നതായും ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു. ബോറിസിന് മത്സരിക്കാൻ ആവശ്യമായ 100 എം പി മാരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നതായി പ്രചാരണ സംഘം അറിയിച്ചിരുന്നു.
ബോറിസും ഋഷിയും: കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിനുള്ള ഔപചാരിക ബിഡ് എന്ന രീതിയിൽ ശനിയാഴ്‌ചയാണ് ബോറിസ് ബ്രിട്ടനിലെത്തിയത്. അഴിമതി നിറഞ്ഞ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച കാബിനറ്റ് അംഗങ്ങളുടെ രാജിയെത്തുടർന്ന് ജൂലൈ ഏഴിന് ജോൺസൺ സ്ഥാനമൊഴിയാൻ നിർബന്ധിതനായി. പ്രധാനമന്ത്രി മത്സരത്തിൽ പങ്കെടുക്കാൻ താൻ തയ്യാറാണെന്ന് ജോൺസൺ നേരത്തെ വ്യക്തമാക്കിയിരുന്നു.