കേരളം

kerala

ETV Bharat / international

ലോകത്തിന് ഭീഷണിയായ യുഎസിലെ വിലക്കയറ്റം: കാരണങ്ങളും വസ്തുതകളും - Consumption Expenditure

യുഎസിലെ വിലക്കയറ്റം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. യുഎസിന്‍റെ ധന, പണ നയങ്ങള്‍ വിലക്കയറ്റത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളാണ്.

Reasons for US stubborn high inflation  യുഎസിലെ വിട്ടുമാറാത്ത വിലക്കയറ്റം  യുഎസിന്‍റെ ധന പണ നയങ്ങള്‍  യുഎസ് ഫെഡറല്‍ റിസര്‍വ്  us economy  how us inflation affects other nations  world economy news  ലോക സാമ്പത്തിക വാര്‍ത്തകള്‍
ലോകത്തിന് തന്നെ ഭീഷണിയായി യുഎസിലെ വിട്ടുമാറാത്ത വിലക്കയറ്റം

By

Published : Sep 14, 2022, 8:49 PM IST

Updated : Sep 14, 2022, 10:17 PM IST

വാഷിങ്‌ടണ്‍: യുഎസില്‍ ഉയര്‍ന്ന പണപ്പെരുപ്പം തുടരുകയാണ്. ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിക്കപ്പെട്ടതിനേക്കാളും കൂടുതലായത് ആഗോള തലത്തില്‍ തന്നെ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഉപഭോക്തൃ സൂചിക (CPI) അടിസ്ഥാനപ്പെടുത്തിയുള്ള യുഎസിലെ ഓഗസ്റ്റിലെ പണപ്പെരുപ്പം 8.3 ശതമാനമാണ്.

ഇന്ധനങ്ങളുടെ വില കുറഞ്ഞത് ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഉപഭോക്തൃ സൂചിക കുറയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് യുഎസില്‍ നിലിനില്‍ക്കുന്നത്.

ഉയര്‍ന്ന വിലക്കയറ്റം നേരിടാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വലിയ രീതിയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണ്. 1980കള്‍ക്ക് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള പലിശ വര്‍ധനവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തുന്നത്. വിലക്കയറ്റം ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്‌ച പലിശ നിരക്കില്‍ കുറഞ്ഞത് 0.75 ശതമാനം വരെ വര്‍ധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു ശതമാനം വരെയാകാനും സാധ്യതയുണ്ട്.

യുഎസ് സമ്പദ്‌ വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക:ഈ വര്‍ഷം രണ്ട് തവണ തുടര്‍ച്ചയായി ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം വീതം പലിശ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം അവസാനമാകുമ്പോള്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് 3-3.25 ശതമാനം റേഞ്ചില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ റേഞ്ചില്‍ പലിശ നിരക്ക് വരികയാണെങ്കില്‍ അത് സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുന്നതിലേക്കും തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതിലേക്കും നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്‌ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അന്താരാഷ്‌ട്ര വ്യാപരത്തില്‍ ഡോളറിനുള്ള അപ്രമാദിത്യം കാരണം യുഎസിലെ വിലക്കയറ്റം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലേക്കാണ് നയിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ കടപ്രതിസന്ധിക്കും അടവ് ശിഷ്‌ട പ്രതിസന്ധിക്കും (Balance of Payment Crisis) ഇത് വഴിവയ്ക്കുന്നു.

യുഎസിലെ വിലക്കയറ്റത്തിന് കാരണമെന്ത്?: യുക്രൈന്‍-റഷ്യ യുദ്ധവും കൊവിഡ് പ്രതിസന്ധിയും മാത്രമല്ല യുഎസിലെ വിലക്കയറ്റത്തിന് കാരണം. യുഎസിന്‍റെ നിരുത്തരവാദപരമായ പണ-ധനകാര്യ നയങ്ങളും (Monetary and Fiscal Policy) യുഎസ് സമ്പദ്‌ വ്യവസ്ഥയുടെ ഘടനപരമായ പ്രശ്‌നങ്ങളും നിലവിലെ യുഎസിലെ വിട്ടൊഴിയാത്ത ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമാണ്.

നിലവിലെ യുഎസിലെ പണപ്പെരുപ്പത്തിന്‍റെ കാരണത്തിലേക്ക് വിശദമായി കടക്കുന്നതിന് മുമ്പ് പണപ്പെരുപ്പം എന്താണെന്ന് നോക്കാം. ഒരു നിശ്ചിത സമയപരിധിയില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ധിക്കുന്നതിന്‍റെ നിരക്കിനെയാണ് പണപ്പെരുപ്പം (Inflation) എന്ന് പറയുന്നത്. പണപ്പരുപ്പത്തെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് വിപണിയിലെ പണ ലഭ്യതയും ചരക്കുകളുടേയും സേവനങ്ങളുടേയും ലഭ്യതയും.

ചരക്ക് ലഭ്യത അതേപോലെ നില്‍ക്കുകയും അതേസമയം പണലഭ്യത കൂടുകയും ചെയ്‌താല്‍ വിലക്കയറ്റം ഉണ്ടാകും. നേരെ തിരിച്ച് പണലഭ്യത മാറ്റമില്ലാതിരിക്കുകയും ചരക്ക് ലഭ്യത കുറയുകയും ചെയ്‌താലും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുക പണലഭ്യത കൂടുകയും അതേസമയം ചരക്ക് ലഭ്യത കുറയുകയും ചെയ്യുമ്പോഴാണ്. അത്തരമൊരു സാഹചര്യമാണ് യുഎസില്‍ നിലവിലുള്ളത്.

നിലവിലെ വിലക്കയറ്റത്തിന്‍റെ പ്രത്യേകതകള്‍: യുഎസ് സമ്പദ്‌ വ്യവസ്ഥയിലെ എല്ലാ മേഖലകളിലും വിലക്കയറ്റം നിലനില്‍ക്കുന്നുണ്ട് എന്നുള്ളതാണ് ആശങ്കയുളവാക്കുന്ന കാര്യം. ഇത് കൊണ്ടാണ് വിലക്കയറ്റം വിട്ടുമാറാതെ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കാരണം. പഴയ കാറുകള്‍, വീട്ടുവാടക എന്നിവയിലടക്കം വിലക്കയറ്റം നിലനില്‍ക്കുകയാണ്. ഇത്തവണത്തെ യുഎസിലെ ഉപഭോക്തൃ സൂചിക ഉയര്‍ന്നതിന്‍റെ മറ്റൊരു പ്രത്യേകത കുറഞ്ഞ സമയത്തിനുള്ളില്‍ സൂചിക കുത്തനെ ഉയര്‍ന്നു എന്നുള്ളതാണ്.

2008ലെ സാമ്പത്തിക പ്രതിസന്ധി (Subprime Crisis 2008) മുതല്‍ എകദേശം ഒരു ദശാബ്‌ദത്തോളം ഉപഭോക്തൃ വില സൂചിക യുഎസില്‍ എകദേശം രണ്ട് ശതമാനത്തിനടുത്ത് മാത്രമായിരുന്നു. 2014ലും 2015ലും ഇത് ഒരു ശതമാനത്തില്‍ കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം (2022) മെയ് മാസം മുതല്‍ തുടര്‍ച്ചയായ മാസങ്ങളില്‍ ഉപഭോക്തൃ സൂചികയിലെ വര്‍ധനവ് ഏഴ് ശതമാനത്തില്‍ കൂടുതലാണ്.

വിലക്കയറ്റത്തിന്‍റെ വേരുകള്‍: 2008ലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി വളരെ അസാധാരണവും പരീക്ഷണാത്മകവുമായ ഒരു നയം ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചു. ZIRP (Zero Interest Rate Policy) എന്നാണ് ഈ നയം അറിയപ്പെട്ടത്. ഇന്നത്തെ ഉയര്‍ന്ന വിലവര്‍ധനവിന്‍റെ കാരണങ്ങളില്‍ ഒന്നിന്‍റെ വേരുകള്‍ ZIRP നയത്തിലാണ്.

വിപണിക്ക് വേണ്ടി ഈസി മണി സൃഷ്‌ടിക്കുകയായിരുന്നു ZIRPലൂടെ ലക്ഷ്യമിട്ടത്. ഹ്രസ്വകാല പലിശ നിരക്ക് പൂജ്യത്തിനടുത്താക്കിയാണ് ഇത് സാധ്യമാക്കിയത്. നിരവധി വര്‍ഷം ഫെഡറല്‍ റിസര്‍വ് ഈ നയം പിന്തുടര്‍ന്നു.

ലിക്യുഡിറ്റിയുടെ മലവെള്ളപാച്ചില്‍:കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിപണിയെ ഉത്തേജിപ്പിക്കാനായി ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് വലിയ രീതിയില്‍ കുറയ്‌ക്കുന്ന നയം പിന്തുടര്‍ന്നു (Loose Monetary Policy). ലിക്യുഡിറ്റിയുടെ (പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന ആസ്‌തികള്‍) മലവെള്ളപാച്ചിലാണ് ഇതിലൂടെ ഉണ്ടായത്. 2020 മാര്‍ച്ചില്‍ ബെഞ്ച് മാര്‍ക്ക് പലിശ നിരക്ക് 0-0.25 ശതമാനത്തിലേക്ക് ഫെഡറല്‍ റിസര്‍വ് എത്തിച്ചു.

700 ബില്യണ്‍ ഡോളറിന്‍റെ കോണ്ടിറ്റേറ്റീവ് ഈസിങ് പദ്ധതിയും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചു. രണ്ടാഴ്‌ചയ്ക്ക് ശേഷം കോണ്ടിറ്റേറ്റീവ് ഈസിങ് 700 ബില്യണും കടന്ന് പരിധിയില്ലാത്തതാക്കി. ഗവണ്‍മെന്‍റ് ബോണ്ടുകളോ മറ്റ് ധനകാര്യ ആസ്‌തികളോ വാങ്ങി കേന്ദ്ര ബാങ്കുകള്‍ സമ്പദ്‌ വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുന്നതിനെയാണ് കോണ്ടിറ്റേറ്റീവ് ഈസിങ് എന്ന് പറയുന്നത്.

ഇത് കാരണം 2020 ഫെബ്രവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഫെഡറല്‍ റിസര്‍വിന്‍റെ ആസ്‌തി 4.2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 9 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചു. ഒരു രാജ്യത്തിന്‍റേയും വ്യവസായ ഉല്‍പ്പാദനക്ഷമത രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിയില്ല എന്ന് വിസ്‌മരിച്ച് കൊണ്ടുള്ള നയമാണ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചത്. കഴിഞ്ഞ ഒരു ദശാബ്‌ദത്തിലേറെ തുടര്‍ന്ന ZIRP നയവും കൂടിയായപ്പോള്‍ ഉയര്‍ന്ന വിലക്കയറ്റത്തിന്‍റെ ഇന്‍ക്യുബേറ്ററായി ഇത് മാറി.

തിരിച്ചടിച്ച ധനനയം:ഉയര്‍ന്ന വിലക്കയറ്റത്തിലേക്ക് നയിച്ച യുഎസ് സര്‍ക്കാരിന്‍റെ ധന നയം (Fiscal Policy) 2021 മാര്‍ച്ചില്‍ പാസാക്കിയ 1.9 ട്രില്യണ്‍ ഡോളറിന്‍റെ ഉത്തേജന പാക്കേജായിരുന്നു. ഒരു കുടുംബത്തിലെ ഒരോ വ്യക്തിക്കും 1,400 ഡോളര്‍ വച്ച് ലഭ്യമാക്കുന്നതടക്കമുള്ള യുഎസ് ഫെഡറല്‍ സര്‍ക്കാരിന്‍റെ ബൃഹത്തായ ചെലവാക്കല്‍ പദ്ധതിയായിരുന്നു ഇത്. തൊഴിലില്ലായ്‌മ ഇന്‍ഷുറന്‍സ് വലിയ രീതിയില്‍ വ്യാപിപ്പിക്കുക, കുട്ടികള്‍ക്കായി നികുതി ക്രെഡിറ്റ് ആനുകൂല്യങ്ങള്‍, സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറിന്‍റെ സഹായങ്ങള്‍ എന്നിവയും ഇതിന്‍റെ ഭാഗമായിരുന്നു.

'വന്യമായ വാങ്ങല്‍':കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകുക എന്നതായിരുന്നു ഉത്തേജന പാക്കേജിന്‍റെ ലക്ഷ്യമെങ്കിലും സാര്‍വത്രികമായ രീതിയില്‍ പാക്കേജ് നടപ്പാക്കിയത് വിലക്കയറ്റത്തിന് വഴിവച്ചു. പാക്കേജിന്‍റെ ഭാഗമായി സഹായം ലഭിച്ചവരെല്ലാം വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന അത്യാവശ്യക്കാരല്ലായിരുന്നു. അവര്‍ ഈ പണം ഉപയോഗിച്ച് ഉപഭോഗ വസ്‌തുക്കള്‍ വാങ്ങിക്കൂട്ടി. ഇതിനെ പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റ് വിശേഷിപ്പിച്ചത് 'വന്യമായ വാങ്ങല്‍' എന്നാണ്.

1.9 ട്രില്യണ്‍ വിപണിയില്‍ ചെലവിട്ടത് വളരെ പെട്ടെന്നായിരുന്നു. ഉപഭോഗ വസ്‌തുക്കള്‍ക്കായുള്ള വര്‍ധിച്ച ആവശ്യകത യുഎസിന് ആഭ്യന്തരമായി നിവര്‍ത്തിക്കാന്‍ സാധിക്കില്ലായിരുന്നു. ചൈനയില്‍ നിന്നടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇവ വരേണ്ടത്. കൊവിഡ് ലോക്‌ഡൗണ്‍ കാരണം ആഗോളവിതരണ ശൃംഖലയില്‍ വലിയ തടസങ്ങള്‍ നേരിടുമ്പോഴാണ് ഈ 'വന്യമായ വാങ്ങല്‍' അമേരിക്കന്‍ ഉപഭോക്താക്കള്‍ നടത്തിയത്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമായിരുന്നു ഇത്.

വിലക്കയറ്റത്തിന്‍റെ ഘടനാപരമായ കാരണങ്ങള്‍: അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയുടെ ഘടനയാണ് വിലക്കയറ്റത്തിന്‍റെ മറ്റൊരു കാരണം. ഉപഭോഗം വളരെ കൂടുതലുള്ള സമ്പദ്‌ വ്യവസ്ഥയാണ് യുഎസിന്‍റേത്. യുഎസ് ജിഡിപിയുടെ 80 ശതമാനം ഉപഭോഗ ചെലവിടലാണ് (Consumption Expenditure). എന്നാല്‍ ഉല്‍പ്പാദന മേഖല (Manufacturing) താരതമ്യേന ചെറുതാണ്. ജിഡിപിയുടെ 11 ശതമാനം മാത്രമാണ് ഉല്‍പ്പാദന മേഖല.

ഈ ഒരു ഘടന കാരണം ഉപഭോഗവും വിതരണവും തമ്മില്‍ ഒത്തുപോകാത്ത അവസ്ഥ സൃഷ്‌ടിക്കുന്നു. ഉയര്‍ന്ന വില വര്‍ധനവിന്‍റെ ഘടനപരമായ കാരണം ഇതാണ്. യുഎസിന് ഒരു ഘട്ടത്തില്‍ ശക്തമായ ഉല്‍പ്പാദന മേഖലയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ലാഭം ഉയര്‍ന്ന മാര്‍ജിനില്‍ ലഭിക്കുന്ന ഹൈടെക്‌ വ്യവസായങ്ങള്‍ക്കും സേവന മേഖലയ്‌ക്കും പ്രധാന്യം കൊടുക്കുകയായിരുന്നു.

സാങ്കേതിക രംഗത്തെ നേട്ടവും ഡോളറിന്‍റെ അപ്രമാദിത്യവും ഇതിന് സാഹായകമായി. കുറഞ്ഞ മാര്‍ജിനും മലിനീകരണവും സൃഷ്‌ടിക്കുന്ന ഉല്‍പ്പാദന ഫാക്‌ടറികള്‍ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ ചൈന പോലുള്ള രാജ്യങ്ങളിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയെ വീണ്ടും വ്യവസായവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. യുഎസിലെ ഉയര്‍ന്ന ചെലവാണ് (Cost Disadvantage) ഇതിന് പ്രതിബന്ധം സൃഷ്‌ടിക്കുന്നത്.

Last Updated : Sep 14, 2022, 10:17 PM IST

ABOUT THE AUTHOR

...view details