കേരളം

kerala

ETV Bharat / international

മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശിച്ച് കിരണ്‍ റിജിജു, വിവരമില്ലായ്‌മയെന്ന് പ്രഹ്ലാദ് സിങ് പട്ടേല്‍

വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവെയാണ് 'മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Rahul Muslim League comment opens slugfest  Rahul Muslim League comment  Rahul Gandhi  മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി  പ്രഹ്ലാദ് സിങ് പട്ടേല്‍  കിരണ്‍ റിജിജു  രാഹുല്‍ ഗാന്ധി  കേന്ദ്ര മന്ത്രി കിരണ്‍ റിജിജു  കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍
രാഹുല്‍ ഗാന്ധി

By

Published : Jun 2, 2023, 2:22 PM IST

വാഷിങ്ടണ്‍: മുസ്‌ലിം ലീഗിനെ 'സമ്പൂർണ മതേതര പാർട്ടി’ എന്ന് വിശേഷിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനം നേരിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പരസ്യമായതോടെ വിമര്‍ശനം രേഖപ്പെടുത്തി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. 'മുസ്‌ലിം ലീഗിനെ പിന്തുണയ്‌ക്കുന്ന വ്യക്തിയെ ഇപ്പോഴും ചിലര്‍ മതേതരനായി കാണുന്നു എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്' -എന്നായിരുന്നു കിരണ്‍ റിജിജുവിന്‍റെ പ്രതികരണം.

'മുസ്‌ലിം ലീഗിനെ മതേതരം എന്ന് വിളിക്കുന്ന മാനസികാവസ്ഥ അപകടകരമാണ്. അജ്ഞതയിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയെ ഗൗരവമായി എടുക്കുന്നില്ല. ഇത് കോൺഗ്രസ് പ്രവണതയാണ്, അവർ വിഭജനത്തിന്‍റെ വിത്ത് പാകുകയാണ്' -കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു.

വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവെയാണ് 'മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്' എന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടത്. കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്‍റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 'മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അവർക്ക് മതേതരമല്ലാത്തതായി ഒന്നുമില്ല, ആ വ്യക്തി (റിപ്പോർട്ടർ) മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു' -എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള എഎൻഐയുടെ ചോദ്യത്തിന് മറുപടിയായി, തന്‍റെ പാർട്ടി എല്ലാ പ്രതിപക്ഷ പാർട്ടികളുമായും പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ വളരെയധികം നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'എതിർപ്പിന് നല്ല ഐക്യം ഉണ്ട്, അത് കൂടുതൽ കൂടുതൽ ഐക്യപ്പെടുകയാണ്. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ആശയവിനിമയം നടത്തുകയാണ്. ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പ്രതിപക്ഷത്തോട് മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ ഇത് സങ്കീർണമായ ചർച്ചയാണ്. അതിനാൽ കുറച്ച് കൊടുക്കല്‍ വാങ്ങലുകള്‍ ആവശ്യമാണ്. കേന്ദ്രത്തിൽ ബിജെപിക്കെതിരെയുള്ള മഹാ പ്രതിപക്ഷ സഖ്യം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' - രാഹുൽ പറഞ്ഞു.

കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി യുഎസ് പര്യടനം നടത്തുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാണെന്നും വെറുപ്പ് വിതച്ച് രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. രാജ്യത്തെ ജനാധിപത്യത്തിന്‍റെ അടിത്തറയ്‌ക്ക് ഇളക്കം സംഭവിച്ചിരിക്കുന്നു എന്നും മാധ്യമ സ്വാതന്ത്ര്യം കുറയുകയാണെന്നും രാഹുൽ ആരോപിച്ചു.

അപകീർത്തി കേസും പിന്നാലെ വന്ന ശിക്ഷ വിധിയെ കുറിച്ചും കേസുമായി ബന്ധപ്പെട്ട് പാർലമെന്‍റ് അംഗത്വം നഷ്‌ടമായതിനെ കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. അയോഗ്യത നടപടി തനിക്ക് നേട്ടമായെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. 'അയോഗ്യത എന്നെ സ്വയം പൂര്‍ണമായി പുനർനിർവചിക്കാൻ സഹായിച്ചു. അവർ എനിക്ക് ഒരു സമ്മാനം നൽകി എന്ന് മാത്രമാണ് ഈ വിഷയത്തില്‍ ഞാൻ കരുതുന്നത്. എന്നാൽ അവർ അത് മനസിലാക്കുന്നില്ല' -രാഹുൽ ഗാന്ധി പറഞ്ഞു.

ABOUT THE AUTHOR

...view details