കോപൻഹേഗൻ : ഡെൻമാർക്കിലെ വിദേശ എംബസികൾക്ക് മുന്നിൽ ഖുർആനെ അവഹേളിക്കുന്നത് തടയാൻ ഉദ്യോഗസ്ഥരെ പ്രാപ്‌തരാക്കാൻ നിയമപരമായ വഴികൾ ഡാനിഷ് സർക്കാർ തേടുമെന്ന് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. 'മറ്റ് രാജ്യങ്ങളും സംസ്‌കാരങ്ങളും മതങ്ങളും അപമാനിക്കപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഇടപെടാനുള്ള സാധ്യത ഡാനിഷ് സർക്കാർ അന്വേഷിക്കും, ഇത് ഡെന്മാർക്കിന് കാര്യമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും' -റാസ്‌മുസെൻ കൂട്ടിച്ചേർത്തു. ഇസ്‌ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ഡെൻമാർക്കിലും സ്വീഡനിലും നടന്ന ചില റാലികൾക്കിടയിലും മറ്റും കത്തിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌ത സംഭവം അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഖുർആൻ പതിപ്പ് കത്തിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഗാധമായ കുറ്റകരവും അശ്രദ്ധമായ പ്രവൃത്തികളുമാണ് ചിലർ ചെയ്യുന്നത്. ഈ കുറച്ച് വ്യക്തികൾ ഡാനിഷ് സമൂഹം കെട്ടിപ്പടുത്തിരിക്കുന്ന മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നും റാസ്‌മുസെൻ പറഞ്ഞു.
'ഞങ്ങളുടെ ദേശീയ സുരക്ഷയും സ്വീഡനിലും ലോകമെമ്പാടുമുള്ള സ്വീഡിഷ് ജനതയുടെ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനായി ഇതിനകം നിയമപരമായ സാഹചര്യം വിശകലനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്' -എന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ഖുർആൻ പരസ്യമായി കത്തിക്കുന്നതിനെതിരെ സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാൻ, മൊറോക്കോ, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ വ്യാപക പ്രതിഷേധം ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.