ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി 96-ാം വയസിൽ അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞി ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. അവധിക്കാല വസതിയായ സ്കോട്ട്‌ലന്‍റിലെ ബാൽമോറൽ കൊട്ടാരത്തില്‍വച്ചായിരുന്നു വിയോഗം. രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും.
വ്യാഴാഴ്‌ച രാവിലെ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്‌ടർമാർ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങി. മക്കളായ ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവർ ബാൽമോറലിലേക്ക് അപ്പോഴേക്കും എത്തിച്ചേർന്നിരുന്നു. ചാൾസിന്‍റെ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും ബാൽമോറലിലേക്ക് എത്തിയിരുന്നു. രാജ്ഞിയുടെ മരണത്തോടെ ബക്കിങ്ഹാം കൊട്ടാരം 10 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
25-ാം വയസിൽ ബ്രിട്ടീഷ് രാജപദവിയിലെ നാൽപതാമത്തെ വ്യക്തിയായി 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് II പദവിയിലെത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമായിരുന്നു ഇത്. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായി.
70 വർഷക്കാലം ബ്രിട്ടൺ ഭരിച്ച എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. വിക്‌ടോറിയ രാജ്ഞിയുടേതിനേക്കാൾ ഏഴ് വർഷം അധികമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ഭരണകാലയളവ്. നിരവധി സാമൂഹിക മാറ്റങ്ങൾക്ക് എലിസബത്ത് രാജ്ഞിയുടെ കാലം സാക്ഷ്യം വഹിച്ചു. ശീതയുദ്ധം മുതൽ 9/11 ആക്രമണം വരെ, കാലാവസ്ഥ വ്യതിയാനം മുതൽ കൊറോണ വൈറസ് വരെ, പോസ്റ്റൽ സംവിധാനവും ആവി എഞ്ചിനിൽ പ്രവർത്തിക്കുന്ന കപ്പലുകളും മുതൽ ഇമെയിലും ബഹിരാകാശ പര്യവേഷണവും വരെ ശ്രദ്ധേയമായ മാറ്റങ്ങളുടെ യുഗമായിരുന്നു രാജ്ഞിയുടെ കാലഘട്ടം.