കെയ്‌റോ:ഈജിപ്‌തിൽ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യൻ കമ്പനികളിലൊന്നായ ഹസൻ അല്ലാം ഹോൾഡിങ്ങിന്‍റെ സിഇഒ ഹസൻ അല്ലാം, പ്രശസ്‌ത എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ താരേക് ഹെഗ്ഗി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്‌തിൽ കൂടിക്കാഴ്‌ച നടത്തിയത്.
ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ സിസിയുടെ ക്ഷണപ്രകാരം ശനിയാഴ്‌ചയാണ് ദ്വിദിന സന്ദർശനത്തിനായി മോദി ഈജിപ്‌തിൽ എത്തിയത്. 2023 റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി അബ്‌ദുൽ ഫത്താഹ് എൽ സിസി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു അദ്ദേഹം നരേന്ദ്ര മോദിയെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചത്.
അതേസമയം ഹസൻ അല്ലാമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലപ്രദമായ കൂടിക്കാഴ്‌ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ട്വിറ്റ് ചെയ്‌തു. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഇൻഫ്രാസ്ട്രക്‌ചർ, നിർമാണ മേഖലകളിൽ ഇന്ത്യൻ കമ്പനികളുമായി അടുത്ത സഹകരണം ഉണ്ടാക്കുന്നതിനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്‌തതായി അദ്ദേഹം പറഞ്ഞു.
മോദിയുമായുള്ള കൂടിക്കാഴ്‌ച വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണെന്ന് ആയിരുന്നു അല്ലാമിന്‍റെ പ്രതികരണം. 'പ്രധാനമന്ത്രി മോദി അവിശ്വസനീയമായ മനുഷ്യനാണ്. ജ്ഞാനം, വിനയം, മഹത്തായ ദർശനം എന്നിവയെല്ലാം അദ്ദേഹത്തില്‍ കാണാൻ കഴിഞ്ഞു. അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ച വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണ്' -കൂടിക്കാഴ്‌ചയ്ക്ക് ശേഷം അല്ലാം പറഞ്ഞു.
'ഇന്ത്യയുടെ സ്വകാര്യ മേഖലയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വകാര്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും എൻജിനീയറിങ് നിർമാണ മേഖലയും വൻതോതിൽ വളർന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു. ഹെഗ്ഗിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ചയില്‍ ആഗോള ഭൗമരാഷ്‌ട്രീയം, ഊർജ സുരക്ഷ, റാഡിക്കലിസം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായതായി ബാഗ്‌ചി പറഞ്ഞു.