ലോസ് ഏഞ്ചൽസ്: ഗായകനും റാപ്പറുമായ ആരോൺ കാർട്ടർ (34) വിടവാങ്ങി. ശനിയാഴ്‌ച തെക്കൻ കാലിഫോർണിയയിലുള്ള വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശസ്‌ത ബാൻഡായ ബാക്ക്‌സ്‌ട്രീറ്റ് ബോയ്‌സിലെ അംഗമായ നിക്ക് കാർട്ടറുടെ ഇളയ സഹോദരനാണ് ആരോൺ.
ബാല്യകാലത്തിൽ തന്നെ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ച ആരോൺ 1997 ൽ ആദ്യ ആൽബം പുറത്തിറക്കി. 'ആരോൺസ് പാർട്ടി (കം ഗെറ്റ് ഇറ്റ്)', 'ഐ വാണ്ട് കാൻഡി' എന്നീ സൂപ്പർ ഹിറ്റ് ആൽബങ്ങളിലൂടെ താരം ജനശ്രദ്ധ നേടി. ഡിസ്‌നിയിലും നിക്കലോഡിയണിലും ആരോണിന്‍റെ വീഡിയോകൾ പതിവായി പ്രക്ഷേപണം ചെയ്‌തിരുന്നു.
ഗായകനിൽ നിന്ന് അഭിനേതാവിലേക്ക്: സ്‌റ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന ആരോൺ പിന്നീട് 'ലിസി മക്‌ഗുയർ' എന്ന ടെലിവിഷൻ സീരിസിലൂടെ അഭിനയ രംഗത്തും തിളങ്ങി. 2006ൽ സഹോദരങ്ങളായ നിക്ക്, ബിജെ, ലെസ്ലി, ഏഞ്ചൽ എന്നിവർക്കൊപ്പം 'ഹൗസ് ഓഫ് കാർട്ടേഴ്‌സ്' എന്ന പരമ്പരയും ചെയ്‌തു.
2001 ൽ 'സ്യൂസിക്കൽ' എന്ന മ്യൂസിക്കലില്‍ ജോജോ ആയി ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു. 2009 ൽ, 'ഡാൻസിങ് വിത്ത് ദ സ്റ്റാർസ്' എന്ന എബിസി മത്സര പരിപാടിയിലും കാർട്ടർ പ്രത്യക്ഷപ്പെട്ടു.
ലഹരി ഉപയോഗവും അറസ്‌റ്റും: 2017 ൽ തന്‍റെ ലഹരിവസ്‌തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് ' ദ ഡോക്‌ടേർസ്' എന്ന പരിപാടിയുടെ എപ്പിസോഡിൽ തുറന്നുപറഞ്ഞിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും കഞ്ചാവ് ഉപയോഗത്തെയും തുടർന്ന് കാർട്ടർ അറസ്‌റ്റിലായിട്ടുണ്ട്. 2018 ലാണ് അവസാന ആൽബമായ 'ലൗ' പുറത്തിറങ്ങിയത്.