ഹിരോഷിമ (ജപ്പാന്‍): ജി 7 ഉച്ചകോടിക്കിടെ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിരോഷിമയില്‍ നടക്കുന്ന ഉച്ചകോടിക്കിടെയുണ്ടായ കൂടിക്കാഴ്‌ചയില്‍ റഷ്യ യുക്രെയ്‌ന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പ്രധാനമന്ത്രി സെലന്‍സ്‌കിക്ക് ഉറപ്പുനല്‍കി. അതേസമയം കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിനു ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച കൂടിയായിരുന്നു ഇത്. ജി7 രാജ്യങ്ങളുടെ കൂട്ടായ്‌മയുടെ നിലവിലെ ചെയർമാനായ ജപ്പാന്‍റെ ക്ഷണപ്രകാരമാണ് യുക്രെനിയൻ പ്രസിഡന്‍റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇന്ത്യ മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍:കഴിഞ്ഞ ഒന്ന്-ഒന്നര വര്‍ഷമായി തങ്ങള്‍ ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഗ്ലാസ്‌ഗോ ഉച്ചകോടിക്ക് ശേഷം വളരെ കാലത്തിന് ശേഷമാണ് തങ്ങള്‍ കണ്ടുമുട്ടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയ്‌ക്കും എനിക്കും ചെയ്യാന്‍ കഴിയുന്നതെല്ലാം തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഇരു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലേക്ക് നീങ്ങിയ പ്രശ്‌നങ്ങളില്‍ നയതന്ത്രപരമായ പരിഹാരമായിരുന്നു ഇന്ത്യ ഉറപ്പുനല്‍കിയത്. ഇതൊരു യുദ്ധത്തിന്‍റെ യുഗമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനോട് അക്രമം അവസാനിപ്പിക്കാനും സംഭാഷണ മേശയിലേക്ക് മടങ്ങാനും ഉപദേശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്ലോഡിമര്‍ സെലന്‍സ്‌കിയും മുമ്പും ഫോണ്‍വിളികള്‍:ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലും പ്രധാനമന്ത്രി ഇതേകാര്യം തന്നെയായിരുന്നു ഊന്നിപ്പറഞ്ഞത്. 'സൈനിക പരിഹാരത്തിന്' കഴിയില്ലെന്നും മറിച്ച് ഏതുതരം സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്നും അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. യുക്രെയ്‌ന്‍ ജനത അനുഭവിക്കുന്ന വേദനയും പ്രധാനമന്ത്രി കൂടിക്കാഴ്‌ചയ്‌ക്കിടെ ഉയര്‍ത്തിക്കാണിച്ചു.
തയ്യാറല്ലെന്ന് സെലന്‍സ്‌കി:റഷ്യയുമായി സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി മുമ്പ് പ്രതികരിച്ചിരുന്നു. റഷ്യയുമായി സമാധാന ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ കോളുകളോടായിരുന്നു മുമ്പ് അദ്ദേഹത്തിന്‍റെ പ്രതികരണം. റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ പ്രയോഗിക്കുന്ന ആണവായുധങ്ങള്‍ പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും നരേന്ദ്ര മോദി സെലന്‍സ്‌കിയുമായുള്ള സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല പരസ്‌പരമുള്ള ശത്രുത അവസാനിപ്പിക്കാനും നയതന്ത്രത്തിന്‍റെ പാത പിന്തുടരാനും മോദി ഈ ഫോണ്‍കോളിനിടെ ആഹ്വാനം ചെയ്‌തു. എന്നാല്‍ യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളായ ലുഹാൻസ്‌ക്, ഡൊനെറ്റ്സ്‌ക്, സപ്പോരിജിയ, കെർസൺ എന്നിവിടങ്ങളിലെ ജനഹിതപരിശോധനകളോടെ യുക്രൈന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാം എന്നുള്ള പുട്ടിന്‍റെ തീരുമാനം സാധ്യമാകില്ലെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി.
അനുഭവങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി:യുദ്ധത്തിന്‍റെ വേദന എന്താണ് ഞങ്ങളെക്കാൾ നിങ്ങൾക്ക് നന്നായറിയാം. കഴിഞ്ഞവര്‍ഷം ഞങ്ങളുടെ കുട്ടികള്‍ യുക്രെയ്‌നില്‍ നിന്നും വന്ന് അവിടത്തെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍, യുക്രെയ്‌ന്‍ ജനതയുടെ വേദന ഞാന്‍ മനസിലാക്കി എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം മെയ് 19 മുതൽ മെയ് 21 വരെ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയിലുണ്ടാകും. ഭക്ഷ്യം, ഫെര്‍ട്ടിലൈസര്‍, ഊർജ സുരക്ഷ എന്നിവയുൾപ്പെടെ ആഗോള വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സമ്മേളനത്തില്‍ സംസാരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.