ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായി (PM Narendra Modi ) ഫോൺ സംഭാഷണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് (UK PM Rishi Sunak). പശ്ചിമേഷ്യയിലെ വികസനത്തെക്കുറിച്ചും ഇസ്രയേലും ഹമാസും തമ്മിൽ ഒരു മാസത്തോളമായി തുടരുന്ന യുദ്ധസാഹചര്യത്തെ കുറിച്ചും ഇരുവരും വിശദമായ ചർച്ച നടത്തി. ഭീകരവാദ ആക്രമണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നേരിടുന്ന സുരക്ഷ ഭീഷണി, ഇതുമുഖേന സാധാരണക്കാരുടെ ജീവൻ നഷ്‌ടമാകുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയോട് ഋഷി സുനക് ആശങ്ക പ്രകടിപ്പിച്ചു.
പ്രാദേശിക സമാധാനം, സുരക്ഷ, മാനുഷിക സഹായം എന്നിവയുടെ ആവശ്യകതയിൽ തങ്ങൾക്ക് സമാന അഭിപ്രായമായിരുന്നെന്ന് പ്രധാനമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ സുനകിനെ മോദി അഭിനന്ദിച്ചതായും ഇരു രാജ്യങ്ങൾക്കും പരസ്‌പരം പ്രയോജനപ്രദമാകുന്ന വാണിജ്യ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തതായും പ്രസ്‌താവനയിൽ പറയുന്നു.
വ്യാപാരം, നിക്ഷേപം, വളർന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത സംഭാഷണത്തിനിടെ ആവർത്തിച്ചതായും മോദി കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ ആദ്യം ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിക്ക് അന്തിമരൂപം നൽകുന്നതിനെ കുറിച്ച് ഋഷി സുനക് സൂചിപ്പിച്ചിരുന്നു. 2030 ഓടെ ഇത് ഇരട്ടിയാക്കാനാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.