ഇസ്‌താംബുള്‍:തുര്‍ക്കിയിലെ സെന്‍ട്രല്‍ ഇസ്‌താംബുളില്‍ കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയയാള്‍ അറസ്റ്റിലായെന്ന് ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.20 ഓടെയാണ് ഇസ്‌തിക്‌ലാല്‍ തെരുവില്‍ സ്‌ഫോടനമുണ്ടായത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഏതെങ്കിലും സംഘടനകളോ തീവ്രവാദ സംഘങ്ങളോ ആണോ എന്നുമുള്ള അന്വേഷണം തുടരുകയാണെന്നും തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
സ്‌ഫോടനത്തിന് തൊട്ട് മുമ്പ് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു ബെഞ്ചില്‍ 40 മിനിറ്റോളം സമയം ഒരു യുവതി ഇരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യുവതി സ്ഥലത്ത് നിന്ന് പോയി മിനിറ്റുകള്‍ക്കകമാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ യുവതി ആരാണെന്ന് തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.
യുവതിയെ തിരിച്ചറിയാനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് നീതിന്യായ മന്ത്രി ബെക്കിർ ബോസ്‌ഡാഗ് പറഞ്ഞു. സ്‌ഫോടന സമയത്ത് തെരുവോരങ്ങളിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായിരുന്നു. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ കടകളെല്ലാം അടച്ചിട്ടിരുന്നു. 2015നും 2017നും ഇടയില്‍ രാജ്യം നിരവധി ബോംബ് ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.