വാഷിംഗ്‌ടണ്‍ :ഇന്ത്യന്‍ തീരത്ത് ചരക്കുകപ്പലിനെ ആക്രമിച്ചത് ഇറാനിയന്‍ ഡ്രോണ്‍ ആണെന്ന് അമേരിക്ക (Iranian drone struck chemical tanker in Indian Ocean). ചെം പ്ലൂട്ടോ എന്ന ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍റെ കെമിക്കല്‍ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് നെതര്‍ലാന്‍ഡ്‌സ് ആണ്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇന്ത്യന്‍ തീരത്ത് 200 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലിലാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത് (pentagon's allegations against Iran).
അതേസമയം അമേരിക്കയുടെ വാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍റെ പ്രതികരണം. ഇറാന്‍ വിദേശകാര്യസഹമന്ത്രി അലി ബഘേരിയാണ് അമേരിക്കയുടെ വാദങ്ങള്‍ തള്ളി രംഗത്ത് എത്തിയിരിക്കുന്നത്. ഹൂതികളുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഇറാന്‍ പറയുന്നു (Iran refuses us allegations).
യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഏറെത്തിരക്കുള്ള കപ്പല്‍പ്പാതകളായ ചെങ്കടലിലും ഈഡന്‍ കടലിടുക്കിലും വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തുന്നത്. പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ 100 ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ആക്രമണങ്ങള്‍.
20 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. വെരാവല്‍ തുറമുഖത്തിനടുത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. പ്രസ്‌തുത കപ്പലില്‍ നിന്ന് സഹായ അഭ്യര്‍ത്ഥനയുണ്ടായ ഉടന്‍ തന്നെ ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. കപ്പല്‍ പാതയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ചെങ്കടലിലെ കപ്പല്‍പാതയിലുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ നിന്ന് കപ്പലുകളെ സംരക്ഷിക്കാന്‍ 20 രാജ്യങ്ങള്‍ രംഗത്തുണ്ടെന്നും അമേരിക്ക പറയുന്നു. ചെങ്കടലില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ നിരവധി കമ്പനികള്‍ ഇതുവഴി തങ്ങളുടെ കപ്പലുകള്‍ അയക്കുന്നത് നിര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ മാസം 19ന് ശേഷം ഹൂതികള്‍ നടത്തുന്ന പതിനാറാമത്തെ കപ്പല്‍ ആക്രമണമാണിത്. ദക്ഷിണ ഇസ്രയേലിലേക്കും ഹൂതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് വ്യോമസേന തടയുകയാണ്.