ന്യൂഡൽഹി : സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 670 ആയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ. ഇന്നലെ മൂന്ന് വിമാനങ്ങളിലായി പോർട്ട് സുഡാനിൽ നിന്ന് 392 ഇന്ത്യക്കാരെ ഇന്ത്യൻ വ്യോമസേനയുടെ C-130J സൈനിക വിമാനം ജിദ്ദയിലെത്തിച്ചു. ഇന്ത്യൻ നാവികസേനയുടെ കപ്പൽ രാജ്യത്ത് നിന്ന് 278 പൗരന്മാരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ 392 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചത്.
ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനത്തിൽ 360 പേരടങ്ങുന്ന ആദ്യ സംഘത്തെ ഡൽഹിയിൽ എത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്‌തു. 'ഓപ്പറേഷൻ കാവേരി' എന്ന ദൗത്യത്തിന്‍റെ കീഴിലാണ് സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സൗദി അറേബ്യൻ രാജ്യമായ ജിദ്ദയിലേക്ക് കൊണ്ടുപോകുന്നത്. ജിദ്ദയിൽ നിന്നാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ഇന്ത്യക്കാരുടെ നാലാമത്തെ ബാച്ച് 136 യാത്രക്കാരുമായി IAF C-130J എന്ന വിമാനത്തിൽ സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ഇന്നലെ ടിറ്ററിൽ കുറിച്ചിരുന്നു.
വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്ന ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ മുൻനിര കപ്പലായ ഐഎൻഎസ് സുമേധ ചൊവ്വാഴ്‌ച പോർട്ട് സുഡാനിൽ നിന്ന് 278 ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ ഒഴിപ്പിച്ചിരുന്നു. ആദ്യ C-130J വിമാനം 121 യാത്രക്കാരെ ജിദ്ദയിലേക്ക് കൊണ്ടുവന്നു. സുഡാനിൽ നിന്ന് 135 യാത്രക്കാരുമായി രണ്ടാമത്തെ C-130 വിമാനം ജിദ്ദയിലെത്തി.
തീവ്രമായ ചർച്ചകൾക്കൊടുവിലാണ് സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിൽ 72 മണിക്കൂർ വെടിനിർത്തൽ ധാരണയായത്. ഇതോടെ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കി. ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ മുംബൈയിലേക്ക് എത്തിക്കാൻ ഐഎഎഫിന്‍റെ സി -17 സൈനിക ഗതാഗത വിമാനം ബുധനാഴ്‌ച ജിദ്ദയിലേക്ക് പുറപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
'ഓപ്പറേഷൻ കാവേരി' : സൈന്യവും അർധസേനയുമായി ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് 'ഓപ്പറേഷൻ കാവേരി' ആരംഭിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്‍റെ രണ്ട് വിമാനങ്ങൾ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലും സ്ഥാപിച്ചതായി ഇന്ത്യ അറിയിച്ചിരുന്നു. സുഡാനീസ് അധികാരികളെ കൂടാതെ, എംഇഎയും സുഡാനിലെ ഇന്ത്യൻ എംബസിയും യുഎൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്‌ത്, യുഎസ് എന്നിവരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുന്നു.
വെള്ളിയാഴ്‌ച ചേർന്ന ഉന്നതതല യോഗത്തിൽ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തര പദ്ധതികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞയാഴ്‌ച ജയശങ്കർ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്‌ത് എന്നിവിടങ്ങളിലെ അധികാരികളുമായി സുഡാനിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ചു. വ്യാഴാഴ്‌ച യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി സുഡാനിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി ജയശങ്കർ ചർച്ച ചെയ്‌തു.
'സുഡാനിലെ സുരക്ഷ സാഹചര്യം സങ്കീർണം' : സുഡാനിലെ സുരക്ഷ സാഹചര്യം വളരെ സങ്കീർണവും അസ്ഥിരവുമാണെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുഡാനിലെ എല്ലാ അധികാരികളുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിലും തുടർന്ന് അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധ. 360 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും 246 പേരുടെ മറ്റൊരു ബാച്ച് ഉടൻ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 320 ഇന്ത്യക്കാർ പോർട്ട് സുഡാനിലുണ്ടെന്നും അവരെ സൗദി നഗരമായ ജിദ്ദയിലേക്ക് ഉടൻ കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read :ഓപ്പറേഷൻ കാവേരി; സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ജിദ്ദയിലേക്ക് പുറപ്പെട്ടു