സിയോള്‍:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്തരകൊറിയയില്‍ നേതാവ് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മറി കടന്നെത്തിയ രോഗ വ്യാപനം കാരണം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് ആറ് പേര്‍ മരിക്കുകയും 3.5 ലക്ഷം പേരില്‍ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
മരിച്ചവരില്‍ ഒരാളില്‍ ഒമിക്രോണ്‍ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാത്ത ഉത്തരകൊറിയയിലുണ്ടായ രോഗ വ്യാപനം വിനാശകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏപ്രില്‍ അവസാനം രോഗം ബാധിച്ച 3.5 ലക്ഷം പേരില്‍ 1,62,200 പേര്‍ രോഗമുക്തരായെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.
അതേ സമയം വ്യാഴാഴ്‌ച 18,000 പേരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും 1,87,800 പേരെ ചികിത്സയ്ക്കായി ക്വാറന്‍റൈനിലേക്ക് മാറ്റുകയും ചെയ്തു. ഏപ്രിൽ 25 ന് പ്യോങ്‌യാങ്ങിൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുത്ത സൈനിക പരേഡാണ് വൈറസിന്‍റെ വ്യാപനത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. പരേഡില്‍ കിം ജോങ് ഉൻ സൈനിക ആണവ പദ്ധതിയുടെ മിസൈലുകൾ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദർശിപ്പിച്ചിരുന്നെന്ന് ദക്ഷിണ കൊറിയയിലെ സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റായ ചിയോങ് സിയോങ്-ചാങ് പറഞ്ഞു.
2023 ലും രാജ്യത്ത് കൊവിഡ് പിടിമുറുക്കുമെന്നാണ് രോഗ വ്യാപനത്തിന്‍റെ വേഗത സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ രോഗ വ്യാപനമുണ്ടായാല്‍ അത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചിയോങ് സിയോങ്-ചാങ് കൂട്ടി ചേര്‍ത്തു.
also read: India Covid Updates | രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; 3,451 പുതിയ രോഗികള്‍, 40 മരണം