കൊളംബോ :രണ്ട് മാസമായി ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്ക് കപ്പലില്‍ നിന്നും പെട്രോള്‍ ഇറക്കാന്‍ പണമില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. പമ്പുകളില്‍ പെട്രോളിനായി കാത്തുനില്‍ക്കരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. എന്നാല്‍ രാജ്യത്ത് ആവശ്യത്തിന് ഡീസല്‍ ശേഖരമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മാര്‍ച്ച് 28 മുതല്‍ ശ്രീലങ്കന്‍ തുറമുഖത്ത് പെട്രോള്‍ ശേഖരവുമായി ഒരു ചരക്കുകപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണെന്ന കാര്യം ശീലങ്കന്‍ ഊര്‍ജമന്ത്രി കാഞ്ചന വിജിശേഖര പാര്‍ലമെന്‍റിനെയാണ് അറിയിച്ചത്. ഈ കപ്പലിലുള്ള പെട്രോളിനായി കൊടുക്കാനുള്ള യുഎസ് ഡോളര്‍ സര്‍ക്കാറിന്‍റെ കൈവശമില്ല. ഇതേ കപ്പല്‍ കമ്പനിക്ക് 2022 ജനുവരിയില്‍ ഇറക്കിയ പെട്രോളിന്‍റെ വകയില്‍ 53 ദശലക്ഷം യുഎസ് ഡോളര്‍ കുടിശ്ശികയുണ്ട്.
കുടിശ്ശികയായ ഈ 53 ദശലക്ഷം ഡോളറും ഇപ്പോഴത്തെ പെട്രോളിനുമുള്ള തുക ഒരുമിച്ച് കൊടുത്താല്‍ മാത്രമേ പെട്രോള്‍ ഇറക്കുകയുള്ളൂവെന്നാണ് ഷിപ്പിങ് കമ്പനി പറയുന്നത്. ഇതിനുവേണ്ട പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും വിജിശേഖര പറഞ്ഞു. പെട്രോളിന്‍റെ പരിമിതമായ ശേഖരം മാത്രമേ രാജ്യത്തുള്ളൂ.