ന്യൂഡൽഹി:പഞ്ചാബിലെ കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനക്കേസിലെ പ്രതിയായ ഹർപ്രീത് സിങ്ങിനെ എൻഐഎ അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് സ്ഫോടനത്തിന്‍റെ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒളിവിലായിരുന്ന ഹർപ്രീത് സിങ് ഇന്നലെ മലേഷ്യയിലെ ക്വലാലംപൂരിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലുധിയാന ജില്ല കോടതി സമുച്ചയത്തിലെ സ്‌ഫോടനം; ഹർപ്രീത് സിങ് അറസ്റ്റിൽ
2021 ഡിസംബർ 23നാണ് സ്‌ഫോടനം നടന്നത്. തുടർന്ന് ഗൂഢാലോചയിൽ പങ്കെടുത്ത ഹർപ്രീത് സിങ് മലേഷ്യയിൽ ഒളിവിലായിരുന്നു. വ്യാഴാഴ്‌ച ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടി.
ഐഎസ്‌വൈഎഫ് (ഇന്‍റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ) തലവനായ ലഖ്ബീർ സിങ് റോഡിന്‍റെ കൂട്ടാളിയാണ് ഐഎസ്‌വൈഎഫ് അസോസിയേറ്റായ ഹർപ്രീത്. സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ കേസുകളിൽ ഹർപ്രീത് സിങ് ഉൾപ്പെട്ടിരുന്നു. പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ ഹർപ്രീതിനെതിരെ പ്രത്യേക എൻഐഎ കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുകയും ചെയ്‌തിരുന്നു.
2021 ഡിസംബർ 23നാണ് ലുധിയാന കോടതി സമുച്ചയത്തിൽ സ്‌ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. അന്ന് തന്നെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നീട് ഈ വർഷം ജനുവരി 1ന് എൻഐഎ വീണ്ടും കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ഹർപ്രീത് മലേഷ്യയിലാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.