വെല്ലിങ്ടൺ :കാലാവധി തീരാൻ പത്ത് മാസം ശേഷിക്കെ അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. അടുത്ത മാസം 7ന് സ്ഥാനമൊഴിയുമെന്ന് ജസീന്ത അറിയിച്ചു. ഒക്ടോബർ 14ന് ന്യൂസിലാൻഡിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഇനി അതിനുള്ള ഊർജം ഇല്ലെന്നും ജസീന്ത വ്യക്തമാക്കി.
'ഇനി മത്സരിക്കാനില്ല' ; അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ
ഫെബ്രുവരി 7ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ സ്ഥാനമൊഴിയും. ഒക്ടോബർ 14നാണ് ന്യൂസിലാൻഡിൽ പൊതു തെരഞ്ഞെടുപ്പ്
ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. തന്‍റെ സർക്കാർ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ലേബർ പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് ഉറപ്പ് ഉണ്ടെന്നും ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും സംതൃപ്‌തമായ അഞ്ചര വർഷമായിരുന്നുവെന്നും ജസീന്ത കൂട്ടിച്ചേർത്തു. കൊവിഡ് മഹാമാരിയിലടക്കം ന്യൂസിലാൻഡിനെ സുരക്ഷിതമായി നയിച്ച, അഞ്ചര വർഷത്തെ ഭരണത്തിന് ശേഷമാണ് അർഡേനിന്‍റെ ഞെട്ടിക്കുന്ന തീരുമാനം.
2017ൽ അധികാരത്തിലേറുമ്പോൾ 37 വയസ്സ് മാത്രമായിരുന്നു ജസീന്തയ്ക്ക്. ഇതിലൂടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത നേതാക്കളിൽ ഒരാളാവുകയും ചെയ്‌തു. അതേസമയം ക്രൈസ്റ്റ് ചർച്ച് പള്ളികളിലെ ഭീകരാക്രമണവും ഇക്കാലയളവിലായിരുന്നു. ജസീന്തയ്ക്ക് പകരക്കാരനെ കണ്ടെത്താൻ വരുംദിവസങ്ങളിൽ ന്യൂസിലാൻഡിൽ വോട്ടെടുപ്പ് നടക്കും.