ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങള്‍ ന്യൂയോര്‍ക്കും സിംഗപ്പൂരുമാണെന്ന് ഇക്കണോമിക് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ വേള്‍ഡ് വൈഡ് കോസ്‌റ്റ് ഓഫ് ലിവിങ് റിപ്പോര്‍ട്ട്. ലോകത്തിലെ പ്രധാനപ്പെട്ട 172 നഗരങ്ങളില്‍ സര്‍വെ നടത്തി ജീവിതച്ചെലവിന്‍റെ അടിസ്ഥാനത്തിലുളള റാങ്കിങ്ങിലാണ് ന്യൂയോര്‍ക്കും സിംഗപ്പൂരും ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ 172 പ്രധാന നഗരങ്ങളിലെ ജീവിതച്ചെലവ് 8.1 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.
ഈ 172 നഗരങ്ങളിലെ ശരാശരി വിലവര്‍ധനവ് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണ്. യുക്രൈന്‍ യുദ്ധം, ചൈനയുടെ സീറോ കൊവിഡ് നയം, റഷ്യയ്‌ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം, ഉയര്‍ന്ന പലിശ നിരക്ക്, എക്‌സ്‌ചേഞ്ച് റേറ്റിലെ മാറ്റങ്ങള്‍ എന്നിവയാണ് വലിയ വിലക്കയറ്റം സൃഷ്‌ടിച്ചതെന്ന് വേള്‍ഡ് വൈഡ് കോസ്‌റ്റ് ഓഫ് ലിവിങ് റിപ്പോര്‍ട്ടിന്‍റെ ചുമതലയുള്ള ഉപാസന ദത്ത് പറഞ്ഞു. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളിലെ ജീവിതച്ചെലവ് മറ്റുള്ളവയെ അപേക്ഷിച്ച് വലിയ രീതിയില്‍ വര്‍ധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ നഗരങ്ങള്‍ ആദ്യത്തെ പത്തില്‍ ഇല്ല: ഏഷ്യന്‍ നഗരങ്ങളിലെ ശരാശരി വര്‍ധനവ് 4.5 ശതമാനമാണ്. എന്നാല്‍ ഏഷ്യയിലെ രാജ്യങ്ങളിലെ നഗരങ്ങള്‍ ഒരോന്നായി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നയങ്ങളിലെ വ്യത്യാസം കാരണം ജീവിതച്ചെലവ് വര്‍ധിച്ചതിന്‍റെ തോതില്‍ വലിയ അന്തരമുണ്ട്. ഇന്ത്യയിലെ ഒരു നഗരവും റാങ്കിങ്ങില്‍ ആദ്യത്തെ പത്തില്‍ ഇല്ല.