പുതിയ ഫീച്ചറുകളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാം (Telegram). ഇമോജികൾ പ്രൊഫൈൽ ചിത്രമായി സെറ്റ് ചെയ്യാൻ സാധിക്കുന്ന പ്രൊഫൈൽ ഫോട്ടോ മേക്കർ (Profile photo maker), ഫീച്ചറിനൊപ്പം ചാറ്റുകളും മെസേജുകളും ട്രാൻസ്‌ലേഷൻ ചെയ്യാനുള്ള സൗകര്യം എന്നിവയാണ് ടെലഗ്രാമിൽ പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്.
ഇമോജികൾ പ്രൊഫൈൽ ചിത്രമാക്കാം:പ്രൊഫൈൽ ഫോട്ടോ മേക്കർ വഴി സ്റ്റിക്കറുകളും ആനിമേറ്റഡ് ഇമോജികളും ഇനി മുതൽ പ്രൊഫൈൽ ചിത്രങ്ങളായി സെറ്റ് ചെയ്യാം. ഏതൊരു അക്കൗണ്ടിലും ചാനലുകളിലും ഗ്രൂപ്പുകളിലും ഈ ഫീച്ചർ ഉപയോഗിക്കാനാകും. കൂടാതെ ഇത് പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമല്ല, എല്ലാവർക്കും ലഭ്യമാകുമെന്നതും പ്രത്യേകതയാണ്.
സന്ദേശങ്ങൾ തർജമ ചെയ്യാം: ടെലഗ്രാമിലെ ഏതൊരു ചാനലിലെയും ഗ്രൂപ്പിലെയും മുഴുവൻ ചാറ്റുകളും ഇനി വിവർത്തനം ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി സ്‌ക്രീനിൽ കാണപ്പെടുന്ന 'ട്രാൻസ്‌ലേറ്റ്' (Translate) ബാറിൽ അമർത്തിയാൽ മതിയാകും. ഉടൻ തന്നെ മുഴുവൻ സംഭാഷണങ്ങളും തർജമ ചെയ്യപ്പെടും.
എന്നാൽ മുഴുവൻ ചാറ്റുകളും വിവർത്തനം ചെയ്യാൻ കഴിയുന്ന 'ട്രാൻസ്‌ലേഷൻ ഓൾ അറ്റ് എ ടൈം' (Translation All at a Time) സൗകര്യം പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് ഉപയോക്താക്കൾക്ക് ഓരോ സന്ദേശവും പ്രത്യേകം തെരഞ്ഞെടുത്ത് വിവർത്തനം ചെയ്യേണ്ടതായി വരും.
ALSO READ:സന്ദേശമയക്കല്‍ കൂടുതല്‍ ലളിതവും സുന്ദരവുമാക്കി ടെലിഗ്രാം: പുത്തൻ ഫീച്ചറുകളെ കുറിച്ചറിയാം
ഡാറ്റ വിവരം ലഭ്യമാകും:ടെലഗ്രാം ആപ്പ് ഉപയോഗിക്കുമ്പോൾ എത്ര ഡാറ്റയാണ് നാം ഉപയോഗിക്കുന്നത് എന്ന വിവരവും ഇനി ലഭ്യമാകും. ഇതിനായി നെറ്റ്‌വർക്ക് യൂസേജ് (Network Usage) എന്ന ഫീച്ചറും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി നാം ഉപയോഗിച്ച മൊബൈൽ ഡാറ്റയ്‌ക്ക് പുറമേ വൈഫൈ നെറ്റ്‌വർക്ക് ഡാറ്റയും അറിയാനാകും.
ഓട്ടോ-സേവ് സൗകര്യം:കൂടാതെ ടെലഗ്രാം സന്ദേശങ്ങൾ ഓട്ടോ-സേവ് (Auto-Save) ചെയ്യുന്നതിനുള്ള ഫീച്ചറും പുതിയ അപ്‌ഡേഷനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ എപ്പോൾ സേവ് ചെയ്യണമെന്നത് ഉപയോക്താവിന് തന്നെ തെരഞ്ഞെടുക്കാം. ഇതോടെ ടെലഗ്രാമിലെ ആവശ്യമായ മീഡിയ സന്ദേശങ്ങൾ ഇനി മുതൽ സൂക്ഷിക്കാനാകും.
ഇമോജികൾ തരംതിരിക്കാം:ഇൻസ്റ്റഗ്രാമിലേത് പോലെ ഇമോജികളും സ്റ്റിക്കറുകളും വിവിധ വിഭാഗങ്ങളായി തരംതിരിക്കാമെന്നതാണ് മറ്റൊരു ഫീച്ചർ. ഉദാഹരണത്തിന് ആഘോഷം, സന്തോഷം, വിഷമം തുടങ്ങി ഓരോ വികാരങ്ങളെയും സൂചിപ്പിക്കുന്ന ഇമോജികൾ പ്രത്യേക വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കും. ഇതോടെ അവസരങ്ങൾക്ക് അനുയോജ്യമായി കൃത്യമായ ഇമോജിയോ സ്റ്റിക്കറോ എളുപ്പത്തിൽ തെരഞ്ഞെടുത്ത് അയക്കാനാകും. ഇതിനായി ദശലക്ഷക്കണക്കിന് പുതിയ ഇമോജികളും സ്റ്റിക്കറുകളുമാണ് പുതിയ അപ്‌ഡേഷനിൽ ലഭ്യമാക്കിയിരിക്കുന്നത്.
അഡ്‌മിന്‍മാർക്കായി പുതിയ ഫീച്ചർ:ഗ്രൂപ്പ് അഡ്‌മിന്‍മാർക്കായി മീഡിയ പെർമിഷൻ ഫീച്ചറും ലഭ്യമാണ്. ഇതുപയോഗിച്ച് ഏത് തരം മീഡിയ ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിക്കണമെന്ന് അഡ്‌മിന്‍മാർക്ക് തീരുമാനിക്കാം. ടെക്‌സ്‌റ്റ് സന്ദേശങ്ങൾ പ്രവർത്തനരഹിതമാക്കി മീഡിയ-ഒൺലി ഗ്രൂപ്പുകൾ സൃഷ്‌ടിക്കാനും ഇനി ടെലഗ്രാമിൽ സാധിക്കും.
ALSO READ:ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യാന്‍ മറ്റ് ആപ്പുകള്‍ വേണ്ട; മീഡിയ എഡിറ്റർ ടൂള്‍ നവീകരിച്ച് ടെലഗ്രാം