കേപ് കനാവെറൽ : ബഹിരാകാശ പേടകം വഴി ഭൂമിയിലെത്തിച്ച ബെന്നു ഛിന്നഗ്രഹ സാമ്പിളുകളുടെ (Bennu Asteroid Samples) ചിത്രങ്ങൾ പുറത്തുവിട്ട് നാസ (NASA). കറുത്ത പൊടിയുടെയും അവശിഷ്‌ടങ്ങളുടെയും ഒരു കൂട്ടമാണ് നാസ പുറത്തുവിട്ട ചിത്രത്തിലുള്ളത്. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ തിരികെ കൊണ്ടുവരാനുള്ള നാസയുടെ ആദ്യത്തെ ദൗത്യമായിരുന്നു ബെന്നു.
18 ദിവസം മുമ്പ് ഭൂമിയിൽ തിരിച്ചെത്തിയ മെറ്റീരിയലുകൾ നിലവിൽ യുഎസ് ബഹിരാകാശ ഏജൻസി പരിശോധിച്ചുവരികയാണ്. ശാസ്‌ത്രജ്ഞർ ഇതുവരെ നടത്തിയ വിശകലനത്തിൽ ഏകദേശം 60 ദശലക്ഷം മൈൽ (97 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള ബെന്നു ഛിന്നഗ്രഹം കാർബൺ സമ്പന്നമാണെന്ന് (carbon-rich) കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കളിമൺ ധാതുക്കളുടെ രൂപത്തിൽ ജലത്തിന്‍റെ സാന്നിധ്യവും സാമ്പിളുകളിലുള്ളതായി ശാസ്‌ത്രജ്ഞർ വെളിപ്പെടുത്തി.
ജീവന്‍റെ ഉത്‌ഭവം കണ്ടെത്താൻ ശാസ്‌ത്രലോകം : ഇതിലൂടെ ഭൂമിയിൽ ജീവൻ ഉത്‌ഭവിച്ചതിന്‍റേയും ജീവിക്കാൻ ആവശ്യമായ സംയുക്തങ്ങളുടേയും ഉൾത്തരിവ് മനസിലാക്കാൻ ശാസ്‌ത്രജ്ഞർക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും എത്രമാത്രം സാമ്പിൾ പേടകത്തിന് പിടിച്ചെടുക്കാനായി എന്ന കാര്യത്തിൽ നാസ ഉറപ്പുവരുത്തിയിട്ടില്ല. പേടകത്തിന്‍റെ പ്രധാന സാമ്പിൾ ചേംബർ ഇതുവരെ തുറക്കാത്തതിനാലാണ് ഇക്കാര്യത്തിൽ വ്യക്തത കുറവുള്ളത്.
യൂട്ടാ മരുഭൂമിയിലാണ് സെപ്‌റ്റംബർ 24 ന് പേടകം ഇറങ്ങിയത്. പേടകത്തിനകത്ത് മൊത്തമായി ഏകദേശം 250 ഗ്രാം സാമ്പിൾ എങ്കിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ബെന്നുവിൽ നിന്നുള്ള ധാതുക്കൾ നാല് മുതൽ 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ എത്തിയതാകാമെന്നും അതാണ് ഇന്ത്യയെ വാസയോഗ്യമാക്കിയതെന്നും കണക്കുകൂട്ടുന്നതായി ശാസ്‌ത്രജ്ഞർ പറഞ്ഞു.