ദോഹ: കറുത്ത കുതിരകൾ എന്ന പ്രയോഗം അനർഥമാക്കിക്കൊണ്ടുള്ള പ്രകടനമാണ് മൊറോക്കോ എന്ന കുഞ്ഞൻ രാജ്യം ഇത്തവണ ഖത്തർ ലോകകപ്പിൽ കാഴ്‌ചവച്ചത്. ടൂർണമെന്‍റിൽ പല വമ്പന്മാരെയും വിറപ്പിച്ച മൊറോക്കോ സെമി ഫൈനലിൽ ഫ്രാൻസിനോട് കീഴടങ്ങിയാണ് പുറത്തായത്. തോൽവിയിലും ഫ്രാൻസിനെ വിറപ്പിച്ച് തലയുയർത്തി തന്നെയായിരുന്നു ആഫ്രിക്കൻ കരുത്തൻമാരുടെ മടക്കം. ഇപ്പോൾ പ്രകടനത്തിനുള്ള ആദരസൂചകമായി ഇത്തവണത്തെ ക്ലബ് ലോകകപ്പിന് ആതിഥേയരായി മൊറോക്കോയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ.
ഫെബ്രുവരി ഒന്ന് മുതൽ 11 വരെയാണ് ഇത്തവണത്തെ ടൂർണമെന്‍റ് നടക്കുക. യുഎസ്‌എയിൽ നിന്നുള്ള സിയാറ്റിൽ സൗണ്ടേഴ്‌സ്, സ്‌പെയിനിൽ നിന്നുള്ള റയൽ മാഡ്രിഡ്, അഫ്രിക്കയിൽ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലൻഡിൽ നിന്നുള്ള ഓക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഉൾപ്പെടെ ഏഴ് ടീമുകളാണ് ഇത്തവണത്തെ ക്ലബ് ലോകകപ്പിൽ മാറ്റുരക്കുക. 2013ലും 2014ലും മൊറോക്കോ ക്ലബ് ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.