റബാത്ത് (മൊറോക്കോ) : മൊറോക്കോയിൽ വെള്ളിയാഴ്‌ച (സെപ്റ്റംബർ 8) ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 2122 ആയി (Morocco Earthquake Death toll). 2400ലധികം പേർക്ക് പരിക്കേറ്റു. ഇപ്പോഴും നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ് (Rescue operation continues in Morocco).
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സെപ്റ്റംബർ 8 രാത്രി 11 മണിയോടെയാണ് റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം (Earthquake) ഉണ്ടായത്. വെള്ളിയാഴ്‌ച ഉണ്ടായത് മൊറോക്കോയുടെ (Morocco) ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ മാരികേഷിന് (Marrakesh) തെക്കുപടിഞ്ഞാറായി 72 കിലോമീറ്റർ (45 മൈൽ) അകലെയുള്ള ഹൈ അറ്റ്‌ലസ് പർവത മേഖലയായിരുന്നു (high atlas mountains in morocco) ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
18.5 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനം ഉണ്ടായത്. തുടക്കത്തിൽ തീവ്രത കുറഞ്ഞ ഭൂചലനമാകാം ഉണ്ടായതെന്നാണ് നിരീക്ഷകർ പറയുന്നത്. വിനോദ സഞ്ചാര കേന്ദ്രമായതിനാൽ തന്നെ ഭൂകമ്പ സമയത്ത് നിരവധി സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു.
നിരവധി കെട്ടിടങ്ങൾ പൂർണമായും തകർന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ പെട്ട് നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ഭൂകമ്പത്തിൽ പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തത്. മാരികേഷിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള തഫെഘാഘെ (Tafeghaghte) എന്ന ഗ്രാമത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നു.
റോഡുകളും പാലങ്ങളും തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്ത മേഖലയിലേക്ക് എത്തിച്ചേരുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. റിക്‌ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഇതേ പ്രദേശത്ത് ഇന്നലെ ഉണ്ടായി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അനുശോചനം രേഖപ്പെടുത്തി. മൊറോക്കോയിലുണ്ടായ ദുരന്തത്തിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
'എന്‍റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്'- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു (Prime Minister Narendra Modi X post).
ജി20 ഉച്ചകോടിയിലും നരേന്ദ്ര മോദി മൊറോക്കോയിലുണ്ടായ ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. മൊറോക്കോയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി ലോക നേതാക്കളും അനുശോചനം അറിയിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാന്‍, യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ഫ്രാന്‍സിസ് മാര്‍പാപ എന്നിവർ ദുഃഖം രേഖപ്പെടുത്തി.