മോസ്‌കോ: ലെനിനും സ്റ്റാലിനും സ്വപ്‌നം കണ്ട യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന കമ്മ്യൂണിസ്റ്റ് റഷ്യ, ഒരു ദിവസം റഷ്യ അടക്കം 15 പുതിയ സ്വതന്ത്ര രാജ്യങ്ങളാകുമെന്ന് സ്വപ്‌നം കണ്ടവർ വിരളമായിരിക്കും. എന്നാല്‍ 1991 ഡിസംബർ 25ന് രാത്രി അത് സംഭവിച്ചു. ചരിത്ര പ്രസിദ്ധമായ മോസ്‌കോയിലെ ക്രെംലിൻ കൊട്ടാരത്തിന് മുകളിലെ ചെങ്കൊടി താഴ്‌ന്നു. പകരം റഷ്യൻ ഫെഡറേഷന്‍റെ കൊടി ഉയർന്നു.
ഏഴ് പതിറ്റാണ്ടിലേറെ കാലം സോവിയറ്റ് യൂണിയൻ ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് റഷ്യയില്‍ അധികാരത്തിലില്ല. മിഖായേല്‍ ഗോർബച്ചേവ് എന്ന മുൻ യുഎസ്എസ്ആർ പ്രസിഡന്‍റ് ലോകത്തോട് വിട പറയുമ്പോൾ 1991 ഡിസംബർ 25ന് രാത്രിയില്‍ അദ്ദേഹം നടത്തിയ ടെലിവിഷൻ പ്രസംഗവും സോവിയറ്റ് യൂണിയന്‍റെ തകർച്ചയും ലോകം ഓർക്കുന്നുണ്ടാകും.
കമ്മ്യൂണിസത്തില്‍ നിന്ന്: 1985ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയായും സോവിയറ്റ് യൂണിയന്‍റെ എട്ടാമത്തെ പ്രസിഡന്‍റായും അധികാരമേറ്റ മിഖായേല്‍ ഗോർബച്ചേവ് ഏഴ് വർഷത്തിന് ശേഷം 1991ല്‍ അറുപതാം വയസിലാണ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത്. പാർട്ടിയിലും സർക്കാരിലും നടത്തിയ പരിഷ്‌കാരങ്ങളും തുറന്ന സമീപനങ്ങളും സോവിയറ്റ് യൂണിയനില്‍ സൃഷ്‌ടിച്ച സ്വതന്ത്ര ചിന്തയും രാഷ്ട്രീയ മാറ്റവും ജനാധിപത്യ മുന്നേറ്റവും സോവിയറ്റ് യൂണിയന്‍റെ പതനത്തിലേക്കും മിഖായേല്‍ ഗോർബച്ചേവിന്‍റെ സ്ഥാനനഷ്‌ടത്തിലേക്കുമാണ് വഴി തുറന്നത്.
ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയികയും:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറി അധികാരമേറ്റയുടൻ ഗോർബച്ചേവ് പ്രഖ്യാപിച്ച നയങ്ങളാണ് ഗ്ലാസ്നോസ്റ്റും (തുറന്ന സമീപനം) പെരിസ്ട്രോയികയും (പുനക്രമീകരണം, സമ്പൂർണ ഉടച്ചുവാർക്കല്‍). കമ്മ്യൂണിസ്റ്റ് രീതിയുടെ ചട്ടക്കൂടില്‍ നില്‍ക്കുന്നതായിരുന്നില്ല ഗോർബച്ചേവിന്‍റെ ഈ രണ്ട് നയങ്ങളും. സർക്കാരിന്‍റെയും സർക്കാർ സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾ സുതാര്യമാക്കുക, അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വീകാര്യത, ജനാധിപത്യ രീതിയില്‍ രാജ്യത്തെ നയങ്ങൾ രൂപീകരിക്കുക, കാലങ്ങളായി തുടർന്നുവരുന്ന കമ്മ്യൂണിസ്റ്റ് രീതികൾക്ക് പകരം മറ്റ് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, വിദേശ നവീകരണ നയങ്ങൾ ഉൾക്കൊള്ളുക ഇങ്ങനെ പലതും ഗോർബച്ചേവിന്‍റെ ആശയങ്ങളില്‍ നിറഞ്ഞു നിന്നു.
പക്ഷേ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയികയും നടപ്പാക്കാൻ തുടങ്ങിയതോടെ യുഎസ്എസ്ആറിലെ പല പ്രദേശങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും മാറ്റത്തിനും മുറവിളി കൂട്ടി. സോവിയറ്റ് യൂണിയൻ ശിഥിലമായി. ഗോർബച്ചേവിനെ തടവിലാക്കാനും വധിക്കാനുമുള്ള ശ്രമങ്ങൾ അതിനിടെ പലതവണ നടന്നു. പട്ടാള അട്ടിമറിയിലൂടെ ഗോർബച്ചേവിനെ മാറ്റി സോവിയറ്റ് യൂണിയൻ നിലനിർത്താൻ തീവ്ര കമ്മ്യൂണിസ്റ്റുകൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗോർബച്ചേവിന്‍റെ പരിഷ്‌കാരങ്ങൾക്ക് വേഗം പോരെന്ന് പറഞ്ഞ ബോറിസ് യെല്‍സിൻ റഷ്യയുടെ പുതിയ പ്രസിഡന്‍റുമായി.
ലോകത്തിന്‍റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതിയ ഗോർബച്ചേവ്: സോവിയറ്റ് യൂണിയനും യുഎസും ബ്രിട്ടണും ഉൾപ്പെടെയുള്ള പാശ്‌ചാത്യ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ-സൈനിക സംഘർഷങ്ങളുടെ കാലഘട്ടം (ശീതയുദ്ധം) രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത പരിഷ്‌കരണ വാദിയായാണ് ഗോർബച്ചേവിനെ ലോകം കാണുന്നത്. ജർമനിയുടെ പുനരേകീകരണം, ആയുധം കുറയ്‌ക്കുന്നത് സംബന്ധിച്ച് അമേരിക്കയുമായുള്ള കരാർ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവ ഗോർബച്ചേവിന് ലോക നേതാക്കളില്‍ മുൻപന്തിയില്‍ സ്ഥാനം നല്‍കി.
1990ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനും ഗോർബച്ചേവ് അർഹനായി. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ളിയില്‍ 1931 മാർച്ച് രണ്ടിന് ജനിച്ച മിഖായേല്‍ സെർജിവിച്ച് ഗോർബച്ചേവ് 1946ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. നിയമബിരുദം നേടിയ ശേഷമാണ് പാർട്ടിയുടെ സെൻട്രല്‍ കമ്മിറ്റിയിലേക്കും അധികാര സ്ഥാനങ്ങളിലേക്കും വരുന്നത്. 1991 ഡിസംബർ 25ന് സോവിയറ്റ് യൂണിയൻ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച ഗോർബച്ചേവ് 1996ല്‍ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഒരു ശതമാനം വോട്ടുപോലും നേടാനാകാതെ പരാജയപ്പെട്ടു.